തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളം, തമിഴ്നാട് തീരങ്ങളില്‍ ഇന്നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രം. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രതപാലിക്കണം.കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
കേരള തീരത്ത് ഇന്ന് രാവിലെ 05.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ഉയര്‍ന്ന താപനില തുടരും. കനത്ത ചൂടിനെ തുടർന്ന് പാലക്കാട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. പാലക്കാട് 39 ഡിഗ്രി സെൽഷ്യസിൽ കുറയാതെ താപനില ഉയരുകയാണ്. കോഴിക്കോട് തൃശൂർ, കൊല്ലം ജില്ലകളില്‍ 38 ഡിഗ്രി സെൽഷ്യസ് ഡിഗ്രിയാണ് ഉയര്‍ന്ന താപനില.