കന്യാകുമാരി: കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് അധികൃതരുടെ മുന്നറിയിപ്പു നിർദേശം പാലിക്കാതെ വിനോദ സഞ്ചാരികൾ. കടലാക്രമണം രൂക്ഷമായിരിക്കെ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും കടൽതീരത്ത് കിടന്ന് ഉറങ്ങരുതെന്നും രണ്ടു ദിവസം മുമ്പേ അധികൃതർ നിർദേശിച്ചിരുന്നു.
കേരളത്തിനു പുറമെ തമിഴ്നാട് സർക്കാരും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, നിർദേശം ലംഘിച്ച് കടലിൽ ഇറങ്ങിയതാണ് മെഡിക്കൽ വിദ്യാർഥി സംഘത്തിലെ അഞ്ചു പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണം.
കന്യാകുമാരി ബീച്ച് സന്ദർശിച്ചശേഷം വിദ്യാർഥി സംഘം ലെമൂർ ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോൾ ശക്തമായ തിരമാലകൾ ഉണ്ടായിരുന്നു. ബീച്ചിലുണ്ടായിരുന്ന ലൈഫ്ഗാർഡ് കടലിൽ ഇറങ്ങുന്നതിൽനിന്ന് വിദ്യാർഥികളെ വിലക്കിയതായി പറയുന്നു. എന്നാൽ, കടലിലിറങ്ങിയ എട്ടു വിദ്യാർഥികൾ അതിശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു.
ബീച്ചിലുണ്ടായിരുന്നവർ ഓടിയെത്തി മൂന്നുപേരെ രക്ഷപ്പെടുത്തിയെങ്കിലും അഞ്ചുപേരെ കാണാതാകുകയായിരുന്നു. തുടർന്ന് മത്സ്യത്തൊഴിലാളികളും പോലീസുമെത്തി നടത്തിയ തെരച്ചിലിലാണ് അഞ്ചുപേരുടെയും മൃതദേഹം കണ്ടെത്തിയത്.
കടൽക്ഷോഭ മുന്നറിയിപ്പിനെത്തുടർന്ന് ലെമൂർ ബീച്ച് അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ, തെങ്ങിൻതോപ്പിലൂടെ വിദ്യാർഥിസംഘം ബീച്ചിലെത്തുകയായിരുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കന്യാകുമാരി ജില്ലാ പോലീസ് സൂപ്രണ്ട് ഇ. സുന്ദരവതനം അറിയിച്ചു.