സ്വന്തം ലേഖകന്‍
കോഴിക്കോട്: കോണ്‍ഗ്രസിനുള്ളിലെ കലഹം ആളിക്കത്തിച്ച കല്ലാമലയിലെ കനല് കെട്ടടങ്ങിയില്ല.
യുഡിഎഫ് -ആര്‍എംപിഐ നേതൃത്വത്തിലുള്ള ജനകീയ മുന്നണി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനും മത്സരരംഗത്ത് നിന്ന് പിന്മാറാനും കെപിസിസി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസിന്റെ ചിഹ്നവും സ്ഥാനാര്‍ഥിയും ഇപ്പോഴും മത്സരരംഗത്തു തന്നെയുണ്ട്.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസരം കൂടി കഴിഞ്ഞതോടെയാണ് ചിഹ്നവും സ്ഥാനാര്‍ഥിയെയും തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കാത്തത്.
ചുവരിലും ഭിത്തിയിലും വഴിയോരങ്ങളിലും പതിച്ച പോസ്റ്ററുകള്‍ നശിപ്പിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പൂര്‍ണമായും ‘നശിപ്പിക്കാനാണ്’ ഇപ്പോള്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.
അതേസമയം 12 ദിവസത്തിനുള്ളില്‍ സ്വന്തം ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ.പി.ജയകുമാര്‍ 1500ഓളം വീടുകളിലാണ് സന്ദര്‍ശനം നടത്തിയത്.
വോട്ടിംഗ് ദിവസം സുപരിചിതനായ ജയകുമാറിന്റെ നേര്‍ക്ക് നാട്ടുകാര്‍ വിരലമര്ത്തുമോയെന്ന ആശങ്കയാണിപ്പോള്‍ നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ ജയകുമാര്‍ വോട്ട് പിടിച്ചാല്‍ യുഡിഎഫ് പിന്തുണയ്ക്കുന്ന ജനകീയ മുന്നണി സ്ഥാനാര്‍ഥിയ്ക്ക് തിരിച്ചടിയാവും.
ഇതിന് പരിഹാരമായി ജയകുമാര്‍ തന്നെ നേരിട്ട് വീടുകളില്‍ കയറി നിജസ്ഥിതി ബോധ്യപ്പെടുത്തണമെന്നും ജനകീയ മുന്നണിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നുമാണ് ഒരു വിഭാഗം പറയുന്നത്.
എന്നാല്‍ പ്രചാരണത്തിന് ഇറങ്ങുന്നത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ തീരുമാനിക്കുമെന്ന് ജയകുമാര്‍ പറഞ്ഞു.
ഇന്നലെ അവിചാരിതമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ.പി.ജയകുമാറിനോട് മത്സരരംഗത്തു നിന്ന് പിന്മാറാന് കെപിസിസി തീരുമാനമറിയിച്ചത്.
രാവിലെ പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ വരെ കെപിസിസിയുടെ പിന്തുണയുണ്ടായിരുന്നതായി കെ.പി. ജയകുമാര്‍ പറഞ്ഞു.
തീരുമാനം അനുകൂലമാവുമെന്ന പ്രതീക്ഷയിലായിരുന്നു പ്രചാരണം നടത്തിയത്. വോട്ടഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് ഫോണ്‍ കോള്‍ എത്തിയത്.
പിന്മാറാന് പാര്‍ട്ടി തീരുമാനിച്ചതായി അറിയിച്ചതിനെ തുടര്‍ന്ന് വോട്ടഭ്യര്‍ത്ഥന അവസാനിപ്പിച്ചു. പാര്‍ട്ടി തീരുമാനം അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നും പിന്മാറിയെന്നും ജയകുമാര്‍ പറഞ്ഞു.