തിരുവനന്തപുരം: കല്ലന്പലത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.
മുള്ളറംകോട് കാവുവിള ലീല കോട്ടേജിൽ അജികുമാർ (49) ന്റെ മരണമാണ് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയാണ് അജികുമാർ മരിച്ചത്.
സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനത്തിനിടെയുണ്ടയ വാക്ക് തർക്കത്തിനൊടുവിൽ കൊലപാതകം നടന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അജികുമാറിന്റെ സുഹൃത്ത് സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സജീവ് ഉൾപ്പെട്ട സംഘമാണ് അജികുമാറിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് ബിനുരാജ് വാഹനാപകടത്തിൽ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ദേശീയപാതയിൽ നാവായിക്കുളം മങ്കാട്ടുവാതുക്കൽ ആയിരുന്നു അപകടം.
റോഡ് മുറിച്ച് കടക്കവെ ബിനുരാജിനെ കെഎസ്ആർടിസി ബസിടിച്ചു. റോഡിലേക്ക് തെറിച്ച് വീണ ഇയാളുടെ ശരീരത്തിലൂടെ അത് വഴി വരികയായിരുന്ന കാർ കയറിയിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ബിനുരാജിന്റെ ജീവൻ രക്ഷിക്കാനായില്ല. ജിംനേഷ്യം ഉടമയാണ് ബിനു രാജ്. ഇതേ സംഘത്തിലുണ്ടായിരുന്ന മുള്ളറംകോട് അജീഷ് ഭവനിൽ അജിത്ത് (29) എന്ന യുവാവ് പിക്കപ്പ് ഇടിച്ച് മരിച്ചിരുന്നു.
സജീവ് ഓടിച്ച പിക്കപ്പ് ഇടിച്ചാണ് അജിത്ത് മരിച്ചത്. സുഹൃത്തായ പ്രമോദിന് പരിക്കേറ്റു. അജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർ എല്ലാവരും സുഹൃത്തുക്കളായിരുന്നു. എ്ലലാ മരണങ്ങളും ഒരു ദിവസം തന്നെ നടന്നത് ദുരൂഹത ഉയർത്തിയിരുന്നു.
സജീവിനെ പോലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് അജികുമാറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. സജീവും സുഹൃത്തുക്കളും അജികുമാറിന്റെ വീട്ടിലിരുന്ന് മദ്യപിച്ച ശേഷം കൊലപാതകം നടത്തിയ ശേഷം പുറത്ത് പോയി വീണ്ട മദ്യപിക്കുകയും തുടർന്ന് വാക്കേറ്റത്തിനൊടുവിൽ അജിത്തിനെ പിക്കപ്പ് ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം.
കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രമോദിന്റെ മൊഴി പോലീസ് ശേഖരിക്കുന്നുണ്ട്.തിങ്കളാഴ്ച രാവിലെയാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥനായ അജികുമാറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെ ത്തിയത്.
ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടയിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. വിവാഹ ബന്ധം വേർപെടുത്തി അജിത്ത് കുമാർ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ പത്ര വിതരണത്തിനെത്തിയ യുവാവാണ് അജിത്ത് കുമാറിനെ മരിച്ച നിലയിൽ ആദ്യം കണ്ട ത്.
ഇയാൾ വിവരം അറിയിച്ചതിനെ തുടർന്നാണ് ബന്ധുക്കളും പോലീസും സ്ഥലത്തെത്തിയത്. വർക്കല ഡിവൈഎസ്പി. നിയാസിന്റെ മേൽനോട്ടത്തിൽ കല്ലന്പലം സിഐ ഫറോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.