തിരുവനന്തപുരം: കല്ലന്പലത്ത് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരൻ അജികുമാറിനെ കൊലപ്പെടുത്തിയത് സുഹൃത്ത് ബിനുരാജ് ഒറ്റയ്ക്കാണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ്.
കൊലപാതകത്തിന് പിടിയ്ക്കപ്പെടുമെന്നായപ്പോൾ ബിനുരാജ് കെഎസ്ആർടിസി ബസിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
പോലീസിന്റെ കണ്ടെത്തൽ
ബിനുരാജിന് അജികുമാറിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ പ്രകോപനവും കൊലയ്ക്ക് കാരണമായെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
മറ്റാർക്കും കൊലപാതകത്തിൽ പങ്കില്ലെന്നാണ് ഇതുവരെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായതെന്നാണ് പോലീസ് പറയുന്നത്. അതേസമയം കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇന്ന് വൈകുന്നേരം വാർത്താസമ്മേളനത്തിലൂടെ അറിയിക്കുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ബിനുരാജിന്റെ മറ്റൊരു സുഹൃത്തായ അജിത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ കടുവാപള്ളി സ്വദേശി സജീവ് കുമാറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
അജികുമാറും ബിനുരാജും സജീവും എല്ലാപേരും പ്രദേശവാസികളും സുഹൃത്തുക്കളുമാണ്. അജികുമാറിന്റെ വീട്ടിൽ എല്ലാവരും ഒത്ത് കൂടി മദ്യപാനം നടത്തിയിരുന്നു. ഇതിനു പിന്നാലെ തർക്കമുണ്ടാവുകയും അജികുമാർ കൊല്ലപ്പെടുകയുമായിരുന്നു.
മദ്യപാനത്തിനിടെയുണ്ടായ പ്രകോപനമെന്ന്
അർധരാത്രി ഒന്നരയോടെയാണ് മറ്റ് സുഹൃത്തുക്കളായ അജിത്തിനെയും പ്രമോദിനെയും സജീവ്കുമാർ പിക്കപ്പ് വാഹനം കൊണ്ട് ഇടിച്ചിട്ടത്. അജിത്ത് തൽക്ഷണം മരിക്കുകയും പ്രമോദിനെ ഗുരുതര പരിക്കുകളോടെ പാരിപ്പള്ളിയിലെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
മണിക്കൂറുകളുടെ വ്യത്യാസത്തിൽ പ്രദേശത്ത് നടന്ന മരണങ്ങളിൽ നാട്ടുകാർ ദുരൂഹത ആരോപിച്ച് പോലീസിനോട് വിശദ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
അജിത്തിനെ വാഹനമിടിച്ച് സജീവ് കുമാർ കൊലപ്പെടുത്തിയതാണെന്ന് പ്രമോദ് നാട്ടുകാരോടും പോലീസിനോടും മൊഴി നൽകിയതോടെയാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.
സുഹൃത്തായ അജിത്തിനെ സജീവ് കുമാർ വാഹനമിടിച്ച് കൊലപ്പെടുത്താൻ കാരണം മദ്യപാനത്തിനിടെയുണ്ടായ പ്രകോപനമെന്ന് പോലീസ് .
അജികുമാറിന്റെ വീട്ടിൽ വച്ച് മദ്യപിച്ച ശേഷം മദ്യപസംഘം മറ്റൊരു സ്ഥലത്ത് വച്ച് മദ്യപാനം തുടർന്നു. ഇതിനിടെ അജിത്ത് സജീവിനെതിരെ നടത്തിയ വിമർശനങ്ങളാണ് സജീവിനെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഇതേ തുടർന്ന് അജിത്തിനെ സജീവ് വണ്ട ിയിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ സജീവ് സമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു.
ശരീരത്തിൽ കുത്തേറ്റ പാടുകൾ
ആലപ്പുഴയിലെ പൊതുമരാമത്ത് ഓഫീസിലെ ജീവനക്കാരനായ അജികുമാർ നാട്ടിൽ എത്തുന്പോൾ സുഹൃത്തുക്കളോടൊപ്പം ചേർന്ന് വീട്ടിൽ വച്ച് മദ്യപിക്കുക പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് അജികുമാറിനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെ ത്തിയത് ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ടായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കല്ലന്പലം പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയിരുന്നു.
അജികുമാറിന്റെ മരണ വാർത്ത പുറത്തായതിനെ തുടർന്നാണ് ബിനുരാജ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം റൂറൽ എസ്പി. ഡോ. ദിവ്യ ഗോപിനാഥിന്റെ നിർദേശാനുസരണം വർക്കല ഡിവൈഎസ്പി നിയാസിന്റെ നേതൃത്വത്തിൽ കല്ലന്പലം സിഐ. ഫിറോസ് ഉൾപ്പെട്ട പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.