കല്ലമ്പലം : ദുരൂഹതകളുയർത്തിയ കല്ലമ്പലത്തെ മൂന്നു മരണങ്ങളിൽ വ്യക്തത വരുത്തി പോലീസ്.
ആദ്യം കൊല്ലപ്പെട്ട പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥൻ അജികുമാറിനെ കുത്തിയത് അയൽവാസിയായ ബിനു രാജ് തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് റൂറൽ എസ്പി പറഞ്ഞു.
അജിയുടെ കൊലപാതകത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ സുഹൃത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സജീവന്റെ അറസ്റ്റും രേഖപ്പെടുത്തി.
പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥൻ അജി കുമാർ, സുഹൃത്തായ അജിത്ത്, അജികുമാറിന്റെ അയൽവാസിയായ ബിനു രാജ് എന്നിവരുടെ മരണത്തിലാണ് പോലീസ് വ്യക്തത വരുത്തുന്നത്.
24 മണിക്കൂറിനിടെയാണ് മൂന്നു മരണങ്ങളുണ്ടായത്. ഇതിൽ അജികുമാറും, അജിത്തും കൊല്ലപ്പെടുകയായിരുന്നുവെന്നും ബിനു രാജ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിക്കുന്നു.
തിങ്കളാഴ്ച്ച രാവിലെ കുത്തേറ്റുമരിച്ച നിലയിൽ കാണപ്പെട്ട അജികുമാറിനെ കൊലപ്പെടുത്തയത് അയൽവാസിയായ ബിനുരാജെന്നാണ് പ്രാഥമിക നിഗമനമെന്നാണ് റൂറൽ എസ്പി പറഞ്ഞു.
പ്രതി മരിച്ചതിനാൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിച്ചാൽ മാത്രമേ വ്യക്തത വരുകയുള്ളൂവെന്ന് പോലീസ് പറയുന്നു.
അജികുമാറും ബിനുരാജും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നുവെന്നും അജികുമാർ മരിക്കുന്നതിന് തലേദിവസവും ഇവർ തമ്മിൽ വാക്കേറ്റമുണ്ടായെന്നതിന് തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് എസ്പി പറഞ്ഞു.
അജികുമാറിന്റെ കൊലപാതകശേഷം സുഹൃദ്സംഘം വീണ്ടും സംഘടിച്ച് മദ്യപിച്ചു.
ഇതിനിടയിൽ കൊലപാതകത്തെ കുറിച്ച് തർക്കമുണ്ടാവുകയും ഡ്രൈവറായ സജീവനാണ് കൊലപാത്തിന് പിന്നിലെന്ന് മറ്റുള്ളവർ കുറ്റപ്പെടുത്തി ഇതേത്തുടർന്ന് മദ്യലഹരിയിൽ അജിത്ത്, പ്രമോദ് എന്നിവരെ സജീവ് വാഹനമിടിപ്പിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് അജിത്ത് തത്ക്ഷണം മരിച്ചു. അജികുമാറിനെ കൊലപ്പെടുത്തിയ ബിനുരാജ് ബസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നതിന് തെളിവുകൾ ലഭിച്ചതായി പോലീസ് പറഞ്ഞു.