കളമശേരി: പണം മാത്രമെടുത്തശേഷം പേഴ്സിലുണ്ടായിരുന്ന വീടിന്റെ താക്കോലും മറ്റു രേഖകളും ഉടമയ്ക്ക് അയച്ചുകൊടുത്ത് പോക്കറ്റടിക്കാരന്റെ ‘മര്യാദ’. വൈദ്യുതി ബോർഡ് ജീവനക്കാരനായ കളമശേരി ചങ്ങമ്പുഴ നഗറിനു സമീപം കുമ്പളപ്പറമ്പിൽ പി.എം.എ ഷരീഫിനാണ് പോക്കറ്റടിച്ചുപോയ പേഴ്സ് തപാലിൽ അയച്ചുകിട്ടിയത്.
പണവും ക്രെഡിറ്റ് കാർഡുകളും ഡ്രൈവിംഗ് ലൈസൻസും ജോലി സ്ഥലത്തെ തിരിച്ചറിയൽ കാർഡുകളുമടങ്ങിയ പേഴ്സ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൃശൂരിൽ വച്ച് പോക്കറ്റടിച്ചുപോയത്. വൈദ്യുതി ബോർഡിന്റെ മാടക്കത്തറ റിലേ സബ് ഡിവിഷനിലെ ജീവനക്കാരനായ ഷരീഫ് ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം.
നാലായിരത്തോളം രൂപയും പേഴ്സിലുണ്ടായിരുന്നു. കഴിയുന്ന സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. ഇന്നലെ പോസ്റ്റ്മാൻ കൊണ്ടുവന്ന് നൽകിയ തപാൽ ഭാര്യ സബിത പൊട്ടിച്ചപ്പോഴാണ് വീടിന്റെ താക്കോൽ ഉൾപ്പെടെ ലഭിച്ചത്. നാലായിരം രൂപ നഷ്ടമായെങ്കിലും പോക്കറ്റടിക്കാരന്റെ ഉപകാരം മറക്കാനാവില്ലെന്നാണ് ഷരീഫ് പറയുന്നത്.