സി.സി.സോമൻ
കോട്ടയം: കള്ളൻമാർക്ക് കോട്ടയത്ത് ഇനി രക്ഷയില്ല. ഒട്ടുമിക്ക കളളൻമാരുടെയും കൊടുംക്രിമിനലുകളുടെയും ചിത്രങ്ങൾ കോട്ടയം നഗരത്തിൽ സ്ഥാപിക്കുന്ന ഡിജിറ്റൽ ടിവിയിൽ പ്രത്യക്ഷപ്പെടാൻ പോവുകയാണ്. സംസ്ഥാനത്ത് ആദ്യമായി കോട്ടയം ജില്ലാ പോലീസ് ആണ് ഇതിനുള്ള പദ്ധതി തയാറാക്കുന്നത്. ബസ്സ്റ്റാൻഡിലും തിരക്കേറിയ മറ്റ് സ്ഥലങ്ങളിലും തൊട്ടടുത്ത് നിൽക്കുന്ന കള്ളനെ തിരിച്ചറിയാൻ ഇനി പ്രയാസമുണ്ടാവില്ല.
കോട്ടയം ടൗണിൽ പൊതുജനങ്ങൾക്ക് കാണാവുന്ന സ്ഥലത്ത് ഡിജിറ്റൽ ടിവി സ്ഥാപിക്കാനാണ് ആലോചന. ഇതിലൂടെ മോഷ്ടാക്കളുടെയും മറ്റുക്രിമിനലുകളുടെയും ചിത്രങ്ങളും, ഇവരുടെ മോഷണ രീതികളും വിവരങ്ങളും പ്രദർശിപ്പിക്കും.
തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമങ്ങളിൽനിന്നുള്ള 2300 മോഷ്ടാക്കളുടെ ചിത്രങ്ങളും വിവരങ്ങളും പോലീസ് ശേഖരിച്ചു.
ഇതോടൊപ്പം പോലീസിന്റെ പക്കൽ ഇപ്പോഴുള്ള മോഷ്ടാക്കളുടെ ചിത്രങ്ങളും വിവരണങ്ങളും പൊതുജനങ്ങളെ അറിയിക്കുന്നതിനായി പ്രദർശിപ്പിക്കും. സിക്കർ, തേനി, ശിവഗംഗ അടക്കമുള്ള തമിഴ്നാട്ടിലെ മിക്ക സ്ഥലങ്ങളിൽനിന്നുമുള്ള കുപ്രസിദ്ധ മോഷ്ടാക്കൾ അടക്കമുള്ളവരുടെ ചിത്രങ്ങളും വിവരങ്ങളുമാണ് ജില്ലാ പോലീസിന്റെ പക്കലുള്ളത്.
ഇതു പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നല്കുന്നതിനു പുറമേ ജില്ലയിലെ റെസിഡന്റ്സ് അസോസിയേഷനുകൾ, ബീറ്റ് പോലീസ് എന്നിവർക്കും നല്കും. ജില്ലാ പോലീസിന്റെ വെബ് സൈറ്റിലും വിവരങ്ങൾ നല്കും. വാട്സ് ആപ്പ്, ഫെയ്സ് ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലും പോലീസിന്റെ പക്കലുള്ള മോഷ്ടാക്കളുടെ ചിത്രങ്ങളും വിവരണങ്ങളും നല്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു.
നവ സാങ്കേതിക വിദ്യയിൽ ഓരോരുത്തരുടെയും മൊബൈൽ ഫോണുകളിൽ പോലും കള്ളൻമാരുടെ ചിത്രങ്ങൾ ലഭ്യമാക്കുന്ന തരത്തിലുള്ള പദ്ധതിക്കാണ് രൂപം നല്കിയിരിക്കുന്നത്. കള്ളൻമാർ നമുക്കു മുന്നിൽ വന്നു നിന്നാൽ പോലും അവരെ തിരിച്ചറിയാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ജനങ്ങൾക്ക് കള്ളനെ കാണിച്ചുകൊടുക്കാനുള്ള നൂതന പദ്ധതി തയാറാക്കിയതെന്ന് ജില്ലാ പോലീസ് മേധാവി എൻ. രാമചന്ദ്രൻ പറഞ്ഞു.
‘ഇതാ ഇവനാണ് മോഷണ വീരൻ, ഇവൻ മോഷ്ടിക്കുന്നത് വീടിന്റെ പിന്നിലുള്ള വാതിൽ പൊളിച്ചാണ്, അതല്ലെങ്കിൽ ഓട് പൊളിച്ച് അകത്തു കടന്നാണ്. ’ ഇതു പോലുള്ള വിവരണങ്ങളും പോലീസ് തയാറാക്കിയിട്ടുണ്ട്.കോട്ടയം പോലീസ് ശേഖരിച്ച മോഷ്ടാക്കളുടെയും ക്രിമിനലുകളുടെയും ചിത്രങ്ങളും വിവരങ്ങളും മറ്റു ജില്ലകളിലെ പോലീസിനും കൈമാറുന്നുണ്ട്.