ചങ്ങരംകുളം: മോഷ്ടിച്ച ബൈക്കുമായി ക്ഷേത്രത്തിൽ ഭണ്ഡാര മോഷണത്തിനെത്തിയ കള്ളൻ പോലീസിന്റെ പിടിയിൽ നിന്നു ഓടി രക്ഷപ്പെട്ടത് തൊട്ടടുത്ത് വീട്ടിൽ നിർത്തിയിട്ട മറ്റൊരു ബൈക്കും മോഷ്ടിച്ച്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കോലളന്പ് പുലിക്കാട് ഹനുമാൻകാവ് ക്ഷേത്രത്തിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
ഏതാനും ദിവസങ്ങളായി ചങ്ങരംകുളം, എടപ്പാൾ പ്രദേശങ്ങളിൽ നടന്ന ക്ഷേത്ര ഭണ്ഡാര മോഷ്ടാവിനെ പിടികൂടാൻ ചങ്ങരംകുളം എസ്ഐ മനോജ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് രാത്രികാല പട്രോളിങ്ങ് പോലീസ് ഉൗർജിതമാക്കിയിരുന്നു. സമാനമായ കേസിൽ അടുത്തിടെ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ എടപ്പാൾ സ്വദേശിയെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെ പുലിക്കാട് കാളാച്ചാൽ റോഡിൽ ഹനുമാൻകാവ് ക്ഷേത്രത്തിനു സമീപത്ത് ബൈക്ക് നിർത്തിയിട്ടത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടത്. മോഷ്ടിച്ച ബൈക്കുമായി ഭണ്ഡാര കവർച്ചക്ക് എത്തിയതായിരുന്നു കള്ളൻ.
ക്ഷേത്രത്തിൽ കള്ളൻ കയറിയതറിഞ്ഞു പോലീസ് തന്ത്രപരമായി ക്ഷേത്രത്തിൽ കയറിയെങ്കിലും പോലീസിന്റെ സാന്നിധ്യം മനസിലാക്കിയ കള്ളൻ ഓടി രക്ഷപ്പെടുകയായിരുന്നു. തലനാരിഴക്കാണ് ഇയാൾ പോലീസിന്റെ പിടിയിൽ നിന്നു രക്ഷപ്പെട്ടത്. സംഭവം അറിഞ്ഞ നാട്ടുകാരും പോലീസും ചേർന്നു കള്ളനെ തെരഞ്ഞെങ്കിലും ഇയാൾ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ഈ ബൈക്ക് കസ്റ്റഡിയിലെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ കള്ളൻ ഉപേക്ഷിച്ച ബൈക്ക് തലേ ദിവസം മറ്റൊരു വീട്ടിൽ നിന്നു മോഷ്ടിച്ചതാണെന്നു കണ്ടെത്തുകയായിരുന്നു. തുടർന്നു പോലീസും നാട്ടുകാരും ചേർന്നു രാവിലെ ഏറെ നേരം വരെ നാട് മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് സമീപത്തെ വീട്ടിൽ നിന്നു മറ്റൊരു ബൈക്ക് മോഷ്ടിച്ചാണ് കള്ളൻ കടന്നു കളഞ്ഞതെന്ന് അറിയുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി പോലീസിന്റെ ഉറക്കം കെടുത്തുന്ന ഈ ഭണ്ഡാരക്കള്ളൻ 25 ഓളം ക്ഷേത്രങ്ങളിലാണ് മോഷണം നടത്തിയിട്ടുള്ളത്.
പ്രദേശവാസികൾ നൽകിയ വിവരങ്ങളും പോലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളും എത്തി നിൽക്കുന്നത് ഭണ്ഡാര മോഷണങ്ങൾ പതിവാക്കിയ എടപ്പാൾ കണ്ടനകം സ്വദേശി സജേഷ് എന്ന കള്ളനിലാണ്. നാട്ടിൽ നിന്നു അപ്രത്യക്ഷനായ ഇയാളുടെ ഫോട്ടോ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടു ഇയാളെ പിടികൂടാൻ നാട്ടുകാരുടെ സഹായം തേടുകയാണ് ചങ്ങരംകുളം പോലീസ്.