തളിപ്പറമ്പ്: തൃച്ചംബരത്തെ കവർച്ചയുമായി ബന്ധപ്പെട്ട് മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. ഇന്നലെ പുലർച്ചെയാണ് തൃച്ചംബരത്തെ പെട്രോള്‍ പമ്പിലും സമീപത്തുള്ള ചിപ്സ് കടയിലും തട്ടുകടയിലും കവര്‍ച്ച നടന്നത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തളിപ്പറമ്പ് പോലീസ് ഡോഗ് സ്ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
തൃച്ചംബരം എം.എന്‍. രാജീവന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പിന്റെ ഗ്ലാസ് ഇഷ്ടിക കൊണ്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
പമ്പിന് സമീപത്തുള്ള തലോറ സ്വദേശി ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള ഷീബാസ് ചിപ്സ് കടയിലും കവര്‍ച്ച ശ്രമം നടന്നു. കടയുടെ പിറകുവശത്തെ ജനല്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. അകത്ത് സാധനങ്ങളും ഷെല്‍ഫും വലിച്ചിട്ട നിലയിലാണ്. സിസിടിവിയില്‍ ഷര്‍ട്ട് ധരിക്കാത്ത ഒരാളുടെ ദൃശ്യം പതിഞ്ഞിരുന്നു.
പെട്രോള്‍ പമ്പിനടുത്തുള്ള തട്ടുകടയിലാണ് മറ്റൊരു കവര്‍ച്ച നടന്നത്. ഇവിടെ നിന്നും 1500 രൂപയാണ് നഷ്ടപ്പെട്ടത്. മോഷ്ടാവിന്റേതെന്ന് കരുതുന്ന കട്ടിംഗ് പ്ലെയര്‍ സംഭവസ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പരിശോധന സമയത്ത് ഡോഗ് സ്ക്വാഡിന്റെ ഹണ്ടര്‍ എന്ന നായ പ്ലാത്തോട്ടം ഭാഗത്തേക്ക് ഓടി തിരികെ പെട്രോള്‍ പമ്പിന്റെ ഭാഗത്തേക്കാണ് വന്നത്. തളിപ്പറമ്പ് പോലീസ് ഇന്‍സ്പെക്ടര്‍ എന്‍.കെ സത്യനാഥന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.