ഈരാറ്റുപേട്ട: നേർച്ചപ്പെട്ടിയിൽ നിന്നും പണം മോഷ്്ടിക്കുന്നതിൽ വിരുതനാണ് ഈരാറ്റുപേട്ട പോലീസ് പിടികൂടിയ വിളക്കുമാടം സ്വദേശി ജോസഫ് (ജോഷി- 46). കന്പിക്കഷ്ണവും ച്യൂയിംഗവുമുണ്ടെങ്കിൽ ജോഷി ഏതു നേർച്ചപ്പെട്ടിയിൽ നിന്നും നിഷ്പ്രയാസം മിനിറ്റുകൾക്കുള്ളിൽ പണം മോഷ്്ടിക്കും.
കേറ്ററിംഗ് ജോലികൾക്കായി പോകുന്ന ജോഷി ജോലിക്കിടയിൽ നേർച്ചപ്പെട്ടികൾ നോക്കിവച്ചശേഷം പിന്നീടെത്തി മോഷണം നടത്തുകയാണ് ചെയ്യുന്നത്.
ഇയാൾ പാലായ്ക്കും പരിസര പ്രദേശത്തുമുള്ള നിരവധി പള്ളികളുടെ നേർച്ചപ്പെട്ടികളിൽ നിന്നും പണം മോഷ്്ടിച്ചതായാണ് പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്.
തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ നേർച്ചപ്പെട്ടിയിൽ നിന്നും പണം മോഷ്്ടിച്ച കേസിലാണ് ഇയാളെ ഈരാറ്റുപേട്ട പോലീസ് പിടികൂടിയത്.
ദിവസങ്ങൾക്കു മുന്‍പ് ഇവിടെ കേറ്ററിംഗ് ജോലിക്ക് എത്തിയ ജോഷി പിന്നീട് ഇവിടെയെത്തി മോഷണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വഴക്കമുള്ള ചെറിയ കന്പിക്കഷണത്തിൽ ച്യൂയിംഗം തേച്ചുപിടിപ്പിച്ച ശേഷം നേർച്ചപ്പെട്ടിക്കുള്ളിൽ കടത്തി പണം അപഹരിക്കുന്നതാണ് പ്രതിയുടെ രീതി. മോഷണത്തിനുപയോഗിക്കുന്ന ടെലിഫോണ്‍ കേബിൾ പ്രതിയിൽനിന്നും കണ്ടെടുത്തു.
എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ്, എസ്ഐ എം.എച്ച്. അനുരാജ്, ഷാബുമോൻ ജോസഫ്, ഷാജിദീൻ റാവുത്തർ, അരുണ്‍ ചന്ദ്, കെ.ആർ. ജിനു, കിരണ്‍ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.