കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കാഞ്ഞിരപ്പള്ളിയിൽ നടന്നത് മോഷണ പരന്പര. വിഴിക്കത്തോട്, കൂവപ്പള്ളി, പൊടിമറ്റം എന്നിവിടങ്ങളിലാണ് മോഷണ പരന്പര അരങ്ങേറിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ആദ്യ സംഭവം. വിഴിക്കത്തോട്ടിലെ സ്വകാര്യ കന്പനിയിൽ ജോലി ചെയ്യുന്ന യുവാവ് ഷിഫ്റ്റ് കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് പോകവേയാണ് ആദ്യ ആക്രമണം ഉണ്ടായത്.
വഴിയിൽ തടസമിട്ട് തടഞ്ഞ മൂന്നംഗ സംഘം കഴുത്തിൽ കയർ കുരുക്കി യുവാവിനെ കത്തിമുനയിൽ നിർത്തി പഴ്സും അതിലുണ്ടായിരുന്ന 5500 രൂപയും മൊബൈൽ ഫോണും അപഹരിച്ചു. ഈ സംഭവത്തിൽ ഒരാഴ്ചയായിട്ടും പോലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
ശനിയാഴ്ചയായിരുന്നു രണ്ടാമത്തെ സംഭവം. വിഴിക്കത്തോട്ടിൽ ജ്യേഷ്ഠനെ കൂട്ടാൻ രാത്രി വാഹനത്തിൽ എത്തിയ സഹോദരനെ എറിഞ്ഞ് വീഴ്ത്താൻ ശ്രമം നടന്നെങ്കിലും വാഹനം നിർത്താതെ പോയതിനാൽ ശ്രമം നടന്നില്ല. ഈ ദിവസം തന്നെ അർധരാത്രി സമീപത്തെ വീട്ടിലെ കതകിൽ മുട്ടി വാതിൽ തുറപ്പിക്കുവാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ വാതിൽ തുറന്നില്ല. കഴിഞ്ഞ ദിവസം കൂവപ്പള്ളിയിൽ രാത്രി വീട്ടിലിരുന്ന സ്പോർട്സ് സൈക്കിൾ മോഷണം പോയി.
ഏറ്റവും ഒടുവിൽ തിങ്കളാഴ്ച രാത്രി പൊടിമറ്റത്തെ രണ്ട് കടകളിലാണ് മോഷണം നടന്നത്. പൊടിമറ്റത്ത് എസ്.ഡി കോളജിന് എതിർവശത്തുള്ള പോപ്പുലർ ട്രേഡേഴ്സ്, ഡി എഡ്യു ഹബ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. രണ്ടിടങ്ങളിലും സ്ഥാപനത്തിന്റെ പുറകിലെ ജനൽ കന്പികൾ അറുത്ത് മാറ്റിയാണ് മോഷണങ്ങൾ നടന്നത്.
പോപ്പുലർ ട്രേഡേഴ്സിൽ നിന്നും 18,000ത്തോളം രൂപയും സമീപത്തെ ഡി എഡ്യു ഹബ്ബിൽ നിന്നും 16,000 രൂപയുമാണ് മോഷണം നടന്നത്. മുറിച്ച ജനൽ കന്പികൾ സമീപത്ത് നിന്നും കണ്ടെടുത്തു. ഡിഎഡ്യു ഹബ്ബിലെ സിസിടിവി കാമറകളുടെ ഡിവിആർ മോഷ്ടാക്കൾ കൊണ്ടു പോയി.
മോഷണ പരന്പരകൾ നടക്കുന്പോഴും പോലീസ് പട്രോളിംങ്ങോ അന്വേഷണങ്ങളോ നടക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. സമീപകാലത്ത് പള്ളികളുടെ നേർച്ചക്കുറ്റികൾ തകർത്ത സംഭവത്തിലും മോഷണങ്ങളിലും ഇതുവരെ മോഷ്ടാവിനെ കണ്ടെത്താനായിട്ടില്ലെന്നതും ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ ആക്കിയിരിക്കുകയാണ്.