കടുത്തുരുത്തി: കാഞ്ഞിരത്താനത്ത് വീടുകളിൽ വ്യാപക മോഷണ ശ്രമം. മൂന്ന് വീടുകളിലാണ് മോഷ്ടാക്കൾ എത്തിയത്. വീട്ടുകാർ ബഹളംവച്ചതിനെ തുടർന്ന് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ മൂന്നോടെയാണ് സംഭവം. കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് പള്ളിക്കു സമീപം താമസിക്കുന്ന മണ്ണാർകുന്നേൽ ഗോവിന്ദൻ, മണ്ണാർകുന്നേൽ റെജി, മണ്ണാർകുന്നേൽ അജി എന്നിവരുടെ വീടുകളിലാണ് മോഷ്ടാവ് എത്തിയത്.
വീട്ടുമുറ്റത്ത് ആരോ നടക്കുന്നതായി ശബ്ദം കേട്ട വീട്ടുകാർ ജനൽ തുറന്ന് നോക്കിയപ്പോഴാണ് നിക്കർ ധരിച്ചു നിൽക്കുന്ന മോഷ്ടാവിനെ കണ്ടത്. ഒരു വീട്ടുകാർ ഒച്ചവച്ചതോടെ ഇവിടെ നിന്നും ഓടി അടുത്ത വീട്ടിലേക്കു മോഷ്ടാവ് എത്തുകയായിരുന്നു. പിന്നീട് വീട്ടുകാർ പുറത്തിറങ്ങിയതോടെ ഓടി രക്ഷപ്പെട്ട മോഷ്ടാവ് സമീപത്ത് ബൈക്കുമായി കാത്തു നിന്നിരുന്നയാൾക്കൊപ്പം കടന്നു കളഞ്ഞു.
ഈ ഭാഗത്ത് കുറേ നാളുകൾക്ക് മുന്‍പും മോഷണങ്ങളും മോഷണശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ സംഭവങ്ങളൊന്നും പോലീസിന്റെ ശ്രദ്ധയിൽപെട്ടട്ടില്ല. പോലീസിന്റെ ഭാഗത്തുനിന്നും നൈറ്റ് പട്രോളിംഗ് ഉൾപെടെയുള്ള കാര്യങ്ങൾ ശക്തമായ നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.