കൊച്ചി: മോഷണം കഴിഞ്ഞ് സുഖമായി രക്ഷപെട്ടെന്നു കരുതിയ പ്രതി ഒടുവിൽ നിസാരമായി പോലീസിന്റെ പിടിയിലായി. ഒപ്പം മറ്റൊരു കേസും തെളിഞ്ഞു.
മോഷണത്തിനു ശേഷം രക്ഷപ്പെടുന്നതിനിടെ കള്ളന്റെ മൊബൈൽ ഫോണുകളും ആധാര്‍കാര്‍ഡ് അടങ്ങിയ പഴ്സും നിലത്ത് വീണുപോയി. ഇത് കിട്ടിയതാകട്ടെ സാക്ഷാല്‍ പോലീസിന്റെ പക്കലും.
തെളിവുകളും മേല്വിലാസവുംവരെ കൃത്യമായി ലഭിച്ച പോലീസിനാകട്ടെ പ്രതിയെ “പൊക്കുക’യെന്ന കടമമാത്രമെ ബാക്കിയുണ്ടായിരുന്നുള്ളു. വിശദമായ പരിശോധനയില്‍ പോലീസിന് മറ്റൊരു കേസ്കൂടി തെളിയിക്കാനായി.
വീട്ടമ്മയേയും മകളെയും അസഭ്യം പറയുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്ത കേസാണ് തെളിഞ്ഞത്. ഇതോടെ ഈ കേസിലും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കോട്ടയം മീനച്ചില്‍ താലൂക്ക്, ലാലം, പായ്പാര്‍ കീച്ചേരി വീട്ടില്‍ സന്തോഷ് (26) ആണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്.
പുതുവര്‍ഷ ദിവസം രാത്രി എറണാകുളം പിയോളി ലൈനിലെ ലേഡീസ് ഹോസ്റ്റലില്‍ മൊബൈല്‍ മോഷ്ടിക്കുന്നതിനിടെ താമസക്കാരിയുടെ ശ്രദ്ധയില്‍ പെടുകയും, ഇവര്‍ ഒച്ചവച്ചതിനെ തുടര്‍ന്ന് കെട്ടിടത്തില്‍നിന്നും പ്രതി ചാടി രക്ഷപെടുകയായിരുന്നു.
മതില്‍ചാടി രക്ഷപ്പെടുന്ന സമയമാണു പ്രതിയുടെ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളടങ്ങിയ പേഴ്സും, മോഷ്ടിച്ചെടുത്ത ഫോണും, മറ്റൊരു മൊബൈല്‍ ഫോണും സ്ഥലത്തു വീണു പോയത്.
ഹോസ്റ്റലിലെ താമസക്കാരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ രാത്രി തന്നെ പ്രതി പിടിയിലായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഹോസ്റ്റല്‍ പരിസരത്ത് വീണ ഫോണില്‍നിന്നു
കഴിഞ്ഞ ആഴ്ച സെന്റ് ബെനഡിക്ട് റോഡിലുള്ള വീട്ടമ്മയേയും മകളെയും അസഭ്യം പറയുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്തതും വീട്ടില്‍ അതിക്രമിച്ചു കയറിയതും ഇയാളാണെന്നും വ്യക്തമായി.
യുവതിയുടെ പരാതിയിലാണു അജ്ഞാതനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.