കോട്ടയം: നൂറിലധികം സ്ഥലങ്ങളിൽ മോഷണം നടത്തിയതിനു പിടിയിലായ തിരുവാർപ്പ് സ്വദേശിയെ റിമാൻഡ് ചെയ്തു. ജയിൽ മോചിതനായശേഷം നാലു വർഷത്തിനുള്ളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി 100 അധികം മോഷണം നടത്തിയതിനാണ് അറസ്റ്റ് ചെയ്തത്.
തിരുവാർപ്പ് കാഞ്ഞിരം കിളിരൂർക്കര പത്തിൽ അജയനെ (തിരുവാർപ്പ് അജി-49)യാണു കൊല്ലം സിറ്റി പോലീസിന്റെ പ്രത്യേകസംഘം പിടികൂടിയത്.
നിരവധി മോഷണകേസുകളിൽ 20 വർഷം ജയിൽ ശിക്ഷ അനുഭവിച്ചു നാല് വർഷം മുന്പാണ് ഇയാൾ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നു മോചിതനായത്.
19 വയസ് മുതൽ നിരന്തരം മോഷണം നടത്തിയിരുന്ന അജയനെ മാവേലിക്കര പോലീസും നേരത്തെ പിടികൂടിയിരുന്നു. കൊല്ലം സിറ്റി പോലീസ് പരിധിയിലെ കൊല്ലം വെസ്റ്റ്, ഈസ്റ്റ്, ഇരവിപുരം, ശക്തികുളങ്ങര, കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷൻ പരിധികളിൽ നടന്ന സമാന സ്വഭാവമുള്ള മോഷണങ്ങളെ തുടർന്ന് ഇയാളുടെ രേഖാചിത്രം തയാറാക്കി പോലീസ് തിരച്ചിൽ നടത്തുകയായിരുന്നു.
അജയൻ മോഷണത്തിനു ബുധനാഴ്ചകൾ മാത്രമാണു തെരഞ്ഞെടുക്കുന്നത്. ഈ രീതിയാണു കൊല്ലത്തു വച്ച് ഇയാളെ പിടികൂടാൻ സഹായകമായത്. സിറ്റി പരിധിയിലെ ഒട്ടേറെ സ്റ്റേഷനുകളിൽ ബുധനാഴ്ചകളിൽ മാത്രം മോഷണം നടന്നു.
മോഷണ രീതിയെ പറ്റി നടത്തിയ അന്വേഷണത്തിലാണ് അജയനെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചത്. രേഖാചിത്രവും പ്രതിയുടെ മോഷണ ശൈലിയുമാണ് ഇയാളെ കുടുക്കിയത്.
ഓടിനു മുകളിലൂടെ ചിലന്തിയെ പോലെ കാൽവിരലും കൈവിരലുകളും ഉൗന്നി സഞ്ചരിച്ച് ഓടിളക്കി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.
സ്കൂളുകൾ, മെഡിക്കൽ ഷോപ്പുകൾ, സ്റ്റേഷനറി കടകൾ, ബേക്കറികൾ എന്നിവിടങ്ങളാണ് മോഷണസ്ഥലങ്ങൾ. നിരവധി തവണ പോലീസിനെ കബളിപ്പിച്ചു രക്ഷപ്പെട്ട ഇയാൾ പിടിയിലായാൽ ബന്ധുക്കൾക്കു കൂട്ടിരിക്കാൻ സമീപമുള്ള പ്രമുഖ ആശുപത്രിയിൽ പോയിട്ടു മടങ്ങുകയാണെന്നു ധരിപ്പിച്ചു രക്ഷപ്പെടും.
മോഷണക്കേസിലെ കാരണവർ..! 22 വർഷ മായി മോഷണം സ്ഥിരം തൊഴിലാക്കിയ തിരു വാർപ്പ് അജിയെ പോലീസ് പൊക്കി; വിവിധ സ്റ്റേഷനുകളിൽ ആയിരത്തോളം കേസുകൾ