മുളങ്കുന്നത്തുകാവ്: മലയാളികൾ നെഞ്ചേറ്റിയ മീശമാധവനേയും കായംകുളം കൊച്ചുണ്ണിയേയും പോലുള്ള നല്ല കള്ളൻമാർ തൃശൂർ മെഡിക്കൽ കോളജിലും വിലസുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബോധ്യപ്പെട്ടു.
മെഡിക്കൽ കോളജിലെത്തുന്നവരുടെ വിലപിടിപ്പുള്ള പലതും മോഷണം പോകുന്നത് ഇടക്കിടെയുണ്ടാകാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയായ രോഗിയുടെ ഒപ്പം വന്ന ഭാര്യയുടെ പഴ്സ് കട്ടിലിനു സമീപം വെച്ചിരുന്നത് മോഷണം പോയി.
ഭർത്താവിന്റെ ഓപ്പറേഷനു വേണ്ടി മരുന്നടക്കം വാങ്ങാൻ നാട്ടിൽ നിന്നും കടം മേടിച്ചുകൊണ്ടുവന്ന ഏഴായിരം രൂപയാണ് പഴ്സിലുണ്ടായിരുന്നതെന്നും പറഞ്ഞ് ഭാര്യ കരച്ചിലായി. പഴ്സ് അന്വേഷിച്ച് നടക്കുന്നതിനിടെ ആശുപത്രി കോന്പൗണ്ടിൽ നിന്നു തന്നെ പഴ്സ് കിട്ടി.
പൈസ പോയിരിക്കുമെന്ന് കരുതി പേഴ്സ് തുറന്നു പരിശോധിച്ചപ്പോഴാണ് നല്ല കള്ളന്റെ തങ്കമനസ് പഴ്സിനകത്ത് തെളിഞ്ഞത്. ഏഴായിരം രൂപയിൽ മൂവായിരമെടുത്ത് ബാക്കി നാലായിരം പഴ്സിൽ തന്നെ ഭദ്രമായി വെച്ചിരുന്നു ആ അജ്ഞാതനായ നല്ല കള്ളൻ.
എന്തോ അത്യാവശ്യത്തിന് മൂവായിരം രൂപ വേണ്ടി വന്ന ആ കള്ളൻ ബാക്കി പണം തിരികെ തരാൻ നല്ല മനസു കാണിച്ചതിന് വീട്ടമ്മ ആ അജ്ഞാതനായ നല്ല കള്ളന് നന്ദി പറഞ്ഞു.