കോട്ടൂർ സുനിൽ
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും ‘തുമ്പി’യെപോലെ പാഞ്ഞുനടക്കുന്ന ‘കല്ലാന’ വാമൊഴിക്കഥയാണോ അതോ സത്യമോ. ആനകളിൽ കുള്ളനായ കല്ലാന സത്യമാണെന്ന് ആനകളെ കണികണ്ടുണരുകയും ആനച്ചൂരേറ്റുറങ്ങുകയും ചെയ്യുന്ന ആദിവാസികൾ സാക്ഷ്യപ്പെടുത്തുമ്പോൾ അംഗീകരിക്കാതെ ത്രിശങ്കു സ്വർഗത്തിലാണ് വനം വകുപ്പ്.
എന്താണ് കല്ലാന
ആനകളിൽ കുള്ളൻ. അതാണ് കല്ലാന. ഉയർന്ന പാറക്കെട്ടിലൂടെ സഞ്ചരിക്കാനുള്ള കഴിവാണ് ‘കല്ലാന’ എന്ന പേര് വരാൻ കാരണം. ആദിവാസികൾ ഇതിനെ വിളിക്കുന്നത് തുമ്പിയാന എന്നാണ്. പാറക്കെട്ടിലൂടെയും കുന്നിൻചെരിവുകളിലൂടെയും അതിവേഗത്തിൽ പറക്കുന്നതുപോലെ പായുന്നതുകൊണ്ടാണ് കല്ലാനയെ ‘തുമ്പിയാന’യെന്ന് വിളിക്കുന്നത്.
സാധാരണ ആനകൾക്കില്ലാത്ത പ്രത്യേകതയാണ് കുത്തനെയുള്ള പാറക്കൂട്ടങ്ങളിലൂടെ അതിവേഗത്തിൽ സഞ്ചരിക്കാനുള്ള കല്ലാനയുടെ കഴിവ്. സാധാരണ ആനകളുടെ ശരാശരി ഉയരം 7.1 അടി മുതൽ 8.1 അടി വരെയാണ്. എന്നാൽ കല്ലാനയ്ക്ക് അഞ്ചടിയിൽ കൂടുതൽ ഉയരം കാണില്ല. നല്ല പ്രായമെത്തിയ കല്ലാനയ്ക്ക് പരമാവധി അഞ്ചടിയോളം ഉയരമുണ്ടാകുമെന്ന് കല്ലാനയെ കണ്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്നവർ പറയുന്നു.
വിദൂര കാഴ്ചയിൽ ആനക്കുട്ടിയാണെന്ന് തോന്നിപ്പിക്കുമെങ്കിലും അടുത്തുകണ്ടാൽ ആ ധാരണ മാറും. മസ്തിഷ്ക ഭാഗത്തെ നീളമുള്ള രോമങ്ങൾ ഇവയിൽ കാണില്ല.
പൂർണ വളർച്ചയെത്തിയ ഒരൊത്ത ആനയുടേതുപോലെതന്നെ നല്ല ഉറപ്പും ആകൃതിയുമുണ്ടാകും നെറ്റിത്തടത്തിന്. പ്രായപൂർത്തിയെത്തിയ സാധാരണ ആനയുടെപോലെ തന്നെ മടക്കുകളും ഉറപ്പും ആകൃതിയുമുള്ള കുള്ളനാനകളുടെ ചെവികൾക്ക് നല്ല വലിപ്പവുമുണ്ടാകും.
പാദങ്ങൾ വലിയൊരു ആനയുടേതുപോലെ ഉറച്ചതും മൂപ്പെത്തിയതുമാണെങ്കിലും പാഡ് മാർക്കിന്റെ പരമാവധി വലിപ്പം ഒരു പേനയുടെ നീളത്തോളമെ വരൂ. പാദങ്ങളുടെ ഉൾഭാഗമാകട്ടെ മൂപ്പെത്തിയ ഒരു വലിയ ആനയുടേതുപോലെ വളർച്ച മുറ്റിയതും വരണ്ടതും വിണ്ടുകീറിയതുമാകും. വാലിന് സാധാരണ ആനയുടേതിനേക്കാൾ നീളമുണ്ടാവും.
ആഫ്രിക്കയുടെ മധ്യപടിഞ്ഞാറൻ മേഖലയിലെ കോംഗോ മഴക്കാടുകളിലും ബോർണിയോ പ്രദേശത്തും മാത്രം അവശേഷിക്കുന്നതെന്ന് കരുതുന്നതാണ് പിഗ്മി എലിഫന്റുകൾ അഥവാ കുള്ളൻ ആനകൾ. വംശനാശത്തിന്റെ വക്കിലായ ഇവയെയാണ് തലസ്ഥാന ജില്ലയിലെ മഴക്കാടുകളായ അഗസ്ത്യമലയിൽ കണ്ടെത്തിയിരിക്കുന്നത്.
കല്ലാനയുടെ ചിത്രം
തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവിസങ്കേതത്തോട് ചേർന്നുള്ള അഗസ്ത്യമലയുടെ അടിവാരത്തുള്ള അടിപ്പറമ്പ് മേഖലയിൽനിന്ന് മുഹമ്മദ് സാലി എന്ന വന്യജീവി ഫോട്ടോഗ്രാഫർ 2005 ജനുവരി 12 നാണ് കല്ലാനയുടെ ചിത്രം ആദ്യമായി പകർത്തുന്നത്.
ആനയുടെ ചിത്രങ്ങൾ പത്രങ്ങളിലൂടെ പുറംലോകത്തെത്തിയപ്പോൾ മുതൽ വിവാദങ്ങളും തുടങ്ങുകയായിരുന്നു. ആദ്യം എതിർത്തത് വനം വകുപ്പാണ്. അങ്ങിനെ ഒരു ജീവി ഇല്ലെന്നാണ് അവർ വാദിച്ചത്.
അതേസമയം മാധ്യമങ്ങളും പ്രകൃതിനിരീക്ഷകരും ഈ കണ്ടെത്തലിനെ കൊണ്ടാടുകയായിരുന്നു. ഏഷ്യയിലെ ഏറ്റവും പ്രചാരമുള്ള വനംവന്യജീവി മാഗസിനായ ‘സാങ്ച്വറി ഏഷ്യ’ സംഭവത്തെ കവർ സ്റ്റോറിയാക്കി അവതരിപ്പിച്ചു. അത് ലോകമാകമാനം ചർച്ചയ്ക്കിടയാക്കി. മാധ്യമ വാർത്തകളുണ്ടാക്കിയ സമ്മർദ്ദത്തെ തുടർന്ന് ഒടുവിൽ വനംവകുപ്പ് പേരിനൊരു അന്വേഷണത്തിന് തയാറായി.
പേപ്പാറ വന്യജീവിസങ്കേതത്തിലും പേപ്പാറയോടു ചേർന്നു ള്ള നെയ്യാർ, അഗസ്ത്യവനം മേഖലകളിലും പരിശോധന നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും നെയ്യാർ വൈൽഡ് ലൈഫ് അസിസ്റ്റന്റ് വാർഡന്റെ നേതൃത്വത്തിൽ ഒരു അന്വേഷണസംഘം നിയോഗിക്കപ്പെട്ടു. എങ്ങുമെത്താതെ ആ ദൗത്യം ഒടുങ്ങുകയായിരുന്നു.
വീണ്ടും കല്ലാന
അഞ്ച് വർഷത്തിനിപ്പുറം, 2010 മാർച്ച് 17ന് വീണ്ടും കല്ലാന സാലിയുടെ ഫ്രെയിമിലേക്ക് ഓടിക്കയറി. പേപ്പാറ വന്യജീവി സങ്കേതത്തിലെ മാടകപ്പാറ എന്ന ഭാഗത്തെ ജലാശയത്തിൽ വെള്ളം കുടിക്കാനെത്തിയ കൊമ്പനാന, കല്ലാന ‘മിത്താ’ണെന്ന ധാരണയെ പൊളിച്ചടുക്കി. തലയെടുപ്പുള്ള കുള്ളനാനതന്നെയായിരുന്നു അത്.
ഇതോടെ കല്ലാനയെകുറിച്ചുള്ള വിചാരങ്ങൾ വീണ്ടും മാധ്യമങ്ങളിൽ നിറഞ്ഞു. കല്ലാന മായാവി രൂപത്തിൽ വീണ്ടുമെത്തുന്നത് 2013 ജനുവരിയിൽ. 18ന് ഉച്ചയ്ക്ക് മണിതൂക്കി മേഖലയിലാണ് ആനയെ കാണുന്നത്. ഇക്കുറി വീഡിയോ ദ്യശ്യങ്ങളാണ് എടുത്തത്.
അതോടെ കല്ലാന വീണ്ടും വാർത്തയായി. തുടർന്ന് വനം വകുപ്പിലെ ഉന്നത ഉദ്യോഗ്യസ്ഥരെയും കാർഷിക സർവകലാശാല വിദഗ്ധരെയും വെറ്ററിനറി വിദഗ്ധരെയും ഉൾപ്പെടുത്തി അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അവരുടെ അന്വേഷണവും എവിടെയും എത്തിയില്ല.
ഒരു കാണാക്കാഴ്ച
തിരുവനന്തപുരം ജില്ലയുടെ തെക്ക് കിഴക്കുഭാഗത്തായി പരന്നുകിടക്കുന്ന മഴക്കാടുകളാണ് അഗസ്ത്യമല. ഈ മലയുടെ അതിര് അങ്ങ് തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ വരെ എത്തും.
ഈ ഭാഗത്തുള്ള അഞ്ച് വന്യജീവി സങ്കേതങ്ങളും കളക്കാട് കടുവാ സങ്കേതവും തൊട്ടുചേർന്നുള്ള അഗസ്ത്യകൂടം ജൈവോദ്യാനവും അത്യപൂർവ ജീവിവർഗങ്ങളുടെയും സസ്യങ്ങളുടെയും സമ്പുഷ്ടജൈവമേഖലയാണ്. സൂക്ഷ്മപ്രാണികളുടെയടക്കം സാന്നിധ്യം ഇവിടെയുണ്ട്. അങ്ങിനെയൊരിടത്ത് പിഗ്മി എലിഫന്റുകളുടെ സാധ്യതയെ എന്തിന് സംശയിക്കണം എന്ന ചോദ്യം പ്രസക്തമാണ്.
അതിരുമല, പൊടിയം, ചാത്തൻകോട് ഭാഗങ്ങളിലെ കാണിക്കാരും വനപാലകരും കല്ലാനയുടെ സാന്നിധ്യത്തെ സാക്ഷ്യപ്പെടുത്തുന്നു. കല്ലാനയുടെ കൂട്ടങ്ങളെതന്നെ കണ്ടിട്ടുള്ളവരാണ് ഇവരൊക്കെയും. സഹ്യവനമേഖലകളിലുള്ള ആദിവാസിവിഭാഗങ്ങൾ രണ്ടുതരം ആനവർഗങ്ങളുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു. ഇത്തരത്തിലൊരു വർഗീകരണം നേരിൽ കണ്ട് അവർ മനസിലാക്കുകയും ചെയ്തിരിക്കുന്നു.