കോട്ടയം: നഗരമധ്യത്തിലൂടെ നടന്നു വന്ന വയോധികയെ ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ച് മാല മോഷ്ടിച്ച പ്രതിയുടെ ദൃശ്യം പോലീസ് പുറത്തു വിട്ടു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്.
ആർപ്പൂക്കര സ്വദേശിയായ വീട്ടമ്മയെ ബാങ്കിലേക്കു കൊണ്ടു വന്ന ശേഷം തട്ടിപ്പിലൂടെ മാല മോഷ്ടിച്ച കേസിലെ പ്രതിയുടെ ദൃശ്യങ്ങളാണ് പോലീസ് ഇന്നലെ പുറത്തുവിട്ടത്.
നഗരത്തിലൂടെ നടന്നു വന്ന ആർപ്പൂക്കര സ്വദേശിയായ വയോധികയുടെ ഒപ്പം നടന്നു വന്ന പ്രതി ഇവരുമായി സൗഹൃദം സ്ഥാപിച്ചു.
തുടർന്ന് വയോധികയ്ക്കു ലോട്ടറി അടിച്ചതായി വിശ്വസനീയമാകുംവിധം അറിയിക്കുകയായിരുന്നു. ലോട്ടറി അടിച്ച തുക സെൻട്രൽ ബാങ്കിലെ അക്കൗണ്ടിലുണ്ടെന്ന് പറഞ്ഞതോടെ ഇതു വിശ്വസിച്ച് പ്രതിക്കൊപ്പം വയോധിക നടന്നു.
ബാങ്കിനു സമീപമെത്തിയപ്പോൾ സ്വർണ മാലയിലെ കോഡ് ബാങ്കിൽ കാട്ടിയെങ്കിൽ മാത്രമേ പണം ലഭിക്കൂ എന്നു പ്രതി ഇവരെ വിശ്വസിപ്പിച്ചു. ഇതിനിടെ വയോധികയുടെ മാല പ്രതി കയ്യിൽ വാങ്ങി.
പ്രതിക്കൊപ്പം വയോധിക ബാങ്കിന്റെ രണ്ടാം നിലയിലേയ്ക്കു കയറുന്നതിനിടിൽ പ്രതി മാലയുമായി കടന്നു കളയുകയായിരുന്നു. രണ്ടാം നിലയിൽ നിന്നും താഴേക്ക് ഓടിയിറങ്ങാൻ ഇവർക്കു സാധിച്ചില്ല.
സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സിസി ടിവിയിൽ നിന്നും പ്രതിയുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തിയതെന്ന് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എം.ജെ അരുണും, എസ്ഐ ടി. ശ്രീജിത്തും അറിയിച്ചു.