അമ്പലപ്പുഴ: കാൻസർ രോഗിക്കായി നാട്ടുകാർ സമാഹരിച്ചു നൽകിയ പണം ആശുപത്രിയിൽ നിന്ന് മോഷണം പോയി. കണ്ണടച്ച് നിരീക്ഷണ കാമറകൾ.
പുറക്കാട് പഞ്ചായത്ത് പതിമൂന്നാം വാർഡ് തോട്ടപ്പള്ളി ആനന്ദേശ്വരം വേലങ്ങാട് വീട്ടിൽ തമ്പി (44) ക്കായി സമാഹരിച്ച പണമാണ് മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് മോഷണം പോയത്.
തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ഈ മാസം എട്ടിനാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. വൃക്കയും തകരാറിലായ ഇദ്ദേഹത്തെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുടുംബത്തിന്റെ ദുരിതമറിഞ്ഞ ഗ്രാമ പഞ്ചായത്തംഗം വി.ശശികാന്തന്റെ നേതൃത്വത്തിൽ നാട്ടുകാരിൽ നിന്നു പണം സമാഹരിച്ച് ഇദ്ദേഹത്തിനു കൈമാറിയിരുന്നു.
ഇന്നലെ ഐസിയുവിൽ പ്രവേശിക്കുന്നതിനു മുൻപ് പണമടങ്ങിയ പഴ്സ് തമ്പിയുടെ ഭാര്യ മഞ്ജു പുറത്തു വെച്ചിരുന്നു. അൽപ്പം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പണമെടുത്ത ശേഷം പഴ്സ് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
തുടർന്ന് മറ്റ് രോഗികളും കൂട്ടിരിപ്പുകാരും ചേർന്ന് തമ്പിക്കായി സഹായം നൽകി. ലക്ഷങ്ങൾ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളൊന്നും പ്രവർത്തിക്കാത്തതിനാൽ ആശുപത്രിയിൽ പതിവായി മോഷണം നടന്നിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.