പയ്യന്നൂർ: വെള്ളൂരിലെ സൂപ്പർ മാർക്കറ്റിലെ കവർച്ചയിൽ 68,000 രൂപയുടെ നഷ്ടം. ഉടമ പയ്യന്നൂർ സൂര്യമുക്കിലെ പൂജ ഹൗസിൽ സുരേഷിന്റെ പരാതിയിൽ പയ്യന്നൂർ പോലീസ് അന്വേഷണമാരംഭിച്ചു.
വെള്ളൂർ ആർടിഒ ഓഫീസിന് സമീപത്തെ ജെംസ് സൂപ്പർ മാർക്കറ്റിലാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെ സൂപ്പർ മാർക്കറ്റ് തുറക്കാനായി എത്തിയപ്പോൾ ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കവർച്ച നടന്നതായി മനസിലായത്.
ഇവിടെ സൂക്ഷിച്ചിരുന്ന 3,000രൂപയും സാംസങ്ങിന്റെ മൊബൈൽഫോണും ലാപ്ടോപ്, കന്പ്യൂട്ടർ, ചോക്ലേറ്റുകൾ, കോസ്മെറ്റിക്ക് ഉൽപ്പന്നങ്ങൾ എന്നിവയാണ് കവർച്ചചെയ്തത്.
68,000രൂപയുടെ നഷ്ടമുള്ളതായി സുരേഷ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചതിൽനിന്നും മാസ്ക് ധരിച്ച രണ്ടു യുവാക്കളാണ് കവർച്ചയ്ക്ക് പിന്നിലെന്നതിനുള്ള തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.