കോട്ടയം: ജില്ലയിൽ ആരാധനാലങ്ങൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന സംഘം കറങ്ങുന്നു.
ഏതാനും ആഴ്ചകൾക്കുള്ളിൽ കോട്ടയത്തും സമീപ പ്രദേശങ്ങളിലുമായി നാലു ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികൾ കുത്തി തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
പോലീസ് ഉൗർജിതമായ അന്വേഷണം നടത്തുന്പോഴും മോഷ്്ടാക്കളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ഇറഞ്ഞാൽ ദേവീക്ഷേത്രത്തിലെ എട്ടു കാണിക്ക വഞ്ചികൾ കുത്തി തുറന്നാണ് മോഷണം നടന്നത്.
തുടർന്നു ഏതാനും ദിവസത്തെ ഇടവേളകളിൽ ഒളശ ശ്രീ ശങ്കരനാരായണപുരം ക്ഷേത്രത്തിലെ ഏഴു കാണിക്ക വഞ്ചികൾ കുത്തി തുറന്നു മോഷണം നടന്നു.
തുടർന്നു അയർക്കുന്നം അയിരൂർ മഹാദേവ ക്ഷേത്രത്തിലെ ചുറ്റന്പലങ്ങളുടെ നാല് കാണിവഞ്ചികളാണ് തകർത്തത്.
പ്രധാന കാണിക്കപ്പെട്ടി തകർക്കാൻ ശ്രമിച്ചെങ്കിലും മോഷ്്ടാക്കൾക്കു സാധിച്ചില്ല. കുറ്റിയാനിക്കൽ അയ്യൻ ഭട്ടര് ധർമ്മശാസ്താ ക്ഷേത്രത്തിലെ ആംബ്ലിഫയറും മേശയ്ക്ക് അകത്ത് സൂക്ഷിച്ച രൂപയും മോഷ്ടാക്കൾ കവർന്നു.
ഇതോടെയാണ് കാണിക്ക വഞ്ചികൾ മാത്രം കുത്തി തുറന്നു മോഷണം നടത്തുന്ന സംഘം ജില്ലയിൽ വിഹരിക്കുന്നതായി പോലീസിനു സൂചന ലഭിച്ചിരിക്കുന്നത്.
ഇറഞ്ഞാൽ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നും മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും പോലീസ് അന്വേഷണത്തിൽ സഹായിക്കുന്ന കാര്യമായി വിവരങ്ങൾ ലഭിച്ചില്ല.
മറ്റു മൂന്നു ക്ഷേത്രങ്ങളിലും സിസിടിവിയില്ലാത്തതു അന്വേഷണത്തിനു തിരിച്ചടിയായിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും അർധ രാത്രി 12നുശേഷമാണ് മോഷ്്ടാക്കൾ എത്തിയിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം.
അതിനാൽ ഒരു സംഘം തന്നെയാണ് മോഷണത്തിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്. മോഷണം നടന്ന സ്ഥലങ്ങളിലെല്ലാം അപരിചിതരായ ആളുകൾ അടുത്ത ദിവസങ്ങളിൽ എത്തിയിട്ടുണ്ടോയെന്നും സമീപ കാലത്ത് ഇത്തരം കേസുകളിൽ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയവരെയും കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം നടക്കുന്നത്.