ഉപ്പുതറ: പന്ത്രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടും സ്കാനറോടുകൂടിയ പ്രിന്ററുമായി യുവാവ് അറസ്റ്റിലായി. കൊല്ലം അറയ്ക്കൽ തടിക്കാട് വരാലഴികത്ത് ഹനീഫ് ഷിറോസി(33)നെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാം ഭാര്യയുടെ അഞ്ചര വയസുള്ള മകനെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസിൽ പിടിയിലായ ഇയാളെ മാട്ടുതാവളത്തെ വീട്ടിലെത്തിച്ചു മഹസർ തയാറാക്കുന്നതിനിടെയാണ് കള്ളനോട്ട് പോലീസിന്റെ ശ്രദ്ധയിൽപെട്ടത്.
തുടർന്നുള്ള പരിശോധനയിൽ കട്ടിലിനടിയിലും ബഡ്ഡിനടിയിലും അലമാരയിലും സൂക്ഷിച്ചിരുന്ന 15,900 രൂപയുടെ കള്ളനോട്ടു കണ്ടെടുത്തു. തുടർന്നുള്ള ചോദ്യംചെയ്യലിൽ വാഗമണ്ണിലും തേക്കടിയിലും വാടകക്കെടുത്തു നടത്തുന്ന ഹോം സ്റ്റേകളേക്കുറിച്ചു വിവരം ലഭിച്ചു.
തുടർന്നു നടത്തിയ റെയ്ഡിൽ തേക്കടിയിൽനിന്ന് പ്രിന്ററും വാഗമണ്ണിൽനിന്നും 12,42,100 രൂപയുടെ കള്ളനോട്ടും കണ്ടെടുത്തു. 2000, 500, 200, 100 രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്.
കൊല്ലം തടിക്കാട് കുടുംബവക ട്രസ്റ്റിന്റെ കീഴിലുള്ള എകെഎം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മാനേജരായിരിക്കെ ഒന്നാം ഭാര്യയുമായുണ്ടായ അവകാശ തർക്കത്തെതുടർന്ന് 2019-ൽ മാട്ടുതാവളത്ത് ഒന്നര ഏക്കർ സ്ഥലം വാങ്ങി ഒറ്റപ്പാലം സ്വദേശിനിയായ മറ്റൊരു സ്ത്രീയുമായി താമസിക്കുകയായിരുന്നു.
ഈ സമയത്താണ് ഒറ്റപ്പാലം സ്വദേശിനിയുടെ മകനെ മർദിക്കുകയും ചട്ടുകംകൊണ്ട് ശരീരം പൊള്ളിക്കുകയും ചെയ്തത്.
കുട്ടിയെ പൊള്ളിച്ചതിന് ഒറ്റപ്പാലം പോലീസിൽ പരാതിയുണ്ടായിരുന്നു. കേസ് ഉപ്പുതറ പോലീസിനു കൈമാറിയതറിഞ്ഞ് ഇയാൾ രക്ഷപ്പെട്ട് പല സ്ഥലങ്ങളിലായി കറങ്ങിനടക്കുകയായിരുന്നു.
ഇയാൾ വീട്ടിലെത്തിയ വിവരമറിഞ്ഞ പോലീസ് ചൊവ്വാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്നാണ് കള്ളനോട്ട് കണ്ടെടുത്തത്. നോട്ട് എവിടെയൊക്കെ വിപണനം നടത്തിയെന്നും കൂടുതൽ പ്രതികൾ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ് മോഹൻ, ഉപ്പുതറ സിഐ എസ്.എം. റിയാസ്, എസ്ഐമാരായ ചാർളി തോമസ്, സിബി എൻ.തങ്കപ്പൻ, എഎസ്ഐമാരായ പി.എൻ. ദിനേശ്, പി.എച്ച്. ഹനീഷ്, എസ് സിപിഒ ഐബി ഏബ്രഹാം, സിപിഒമാരായ ശരണ്യമോൾ പ്രസാദ്, പി.എസ്. പ്രവീണ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.