ന്യൂഡൽഹി: ഡൽഹിയിൽ എടിഎമ്മിൽനിന്നു വീണ്ടും ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ നോട്ടുകൾ ലഭിച്ചു. അമർ കോളനി പ്രദേശത്തെ എടിഎമ്മിൽനിന്നാണ് 2000 രൂപയുടെ വ്യാജനോട്ടുകൾ ലഭിച്ചത്. സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽനിന്നാണ് ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ നോട്ടുകൾ ലഭിച്ചത്. മനോരഞ്ജൻ ബാങ്കെന്നും നോട്ടുകളിൽ പ്രിൻറ് ചെയ്തിട്ടുണ്ട്.
നോട്ട് ലഭിച്ചയാളുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. മുന്‍പും ഡൽഹിയിലെ എടിഎമ്മിൽനിന്നു ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ നോട്ടുകൾ ലഭിച്ചിരുന്നു. ഡൽഹി സംഘം വിഹാർ തിഗ്രിയിലെ എസ്ബിഐ എടിഎമ്മിൽനിന്ന് ഇത്തരത്തിലുള്ള നാലു രണ്ടായിരം രൂപ നോട്ടുകളാണ് യുവാവിന് ലഭിച്ചത്.
ഭാരതീയ റിസർവ് ബാങ്ക് എന്നതിന് പകരം ഭാരതീയ മനോരഞ്ജൻ ബാങ്ക് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന നോട്ടിന്റെ സീരിയൽ നൽകിയിരിക്കുന്നത് ആറ് പൂജ്യങ്ങളാണ്.ആർബിഐ ലോഗോക്ക് പകരം പികെ മുദ്ര പതിച്ച നോട്ടിൽ ഗവർണറുടെ ഒപ്പും ഇല്ല. ഗവർണറുടെ ഉറപ്പിന് പകരം രണ്ടായിരം രൂപയ്ക്ക് തുല്യമായ കൂപ്പണ്‍ നൽകുമെന്നുള്ള കുട്ടികളുടെ ഉറപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.