പാലക്കാട്: 200 രൂപയുടെ 229 കള്ളനോട്ടുകളുമായി യുവാവിനെ ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം ചുനങ്ങാട് പുതുവീട്ടിൽ ഷമീർ ബാബുവിനെയാണ് (37) ടൗണ്‍ സൗത്ത് പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് ശനിയാഴ്ച വൈകുന്നേരം പാലക്കാട് കഐസ്ആർടിസി ലിങ്ക് റോഡിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. പാലക്കാട് ഭാഗത്ത് വിതരണത്തിനായി കാറിലാണ് പ്രതി എത്തിയത്.
ജില്ലാ പോലീസ് മേധാവി ശിവവിക്രമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. കാഴ്ചയിൽ ഒറിജിനൽ നോട്ടു പോലെ ഉള്ളവയാണ്. വാട്ടർമാർക്കും ഉണ്ട്. കയ്യിലെടുത്ത് സൂക്ഷിച്ച് പരിശോധിച്ചാൽ മാത്രമേ കള്ളനോട്ടാണെന്ന് മനസ്സിലാകൂ. 45800 രൂപ മൂല്യമുള്ള വ്യാജ നോട്ടുകളാണ് വിതരണത്തിനായി കൊണ്ടുവന്നത്. നോട്ടിന്റെ ഉറവിടത്തെക്കുറിച്ചും, കൂടുതൽ നോട്ടുകൾ അച്ചടിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയുടെ വീട് പരിശോധിച്ചതിൽ കൂടുതലൊന്നും കണ്ടെത്താനായില്ല.
ഇതിനു പിന്നിൽ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ലോബിയാണോ എന്നും പോലീസ് സംശയിക്കുന്നു. പ്രതിക്കെതിരെ കള്ളനോട്ട് കൈവശം വെച്ചതിനും, അത് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തിലേക്ക് കടത്തിയതിനും പോലീസ് കേസെടുത്തു.നോട്ട് നിരോധനത്തിനു ശേഷം ജില്ലയിൽ ആദ്യമായാണ് ഇത്രയധികം കള്ളനോട്ടുകൾ പിടികൂടുന്നത്. തുടരന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘം രൂപീകരിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഡിവൈഎസ്പി സാജു കെ. എബ്രഹാം, നർകോട്ടിക് സെൽ ഡിവൈഎസ്പി ബാബു കെ. തോമസ്, ടൗണ്‍ സൗത്ത് ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ, സബ് ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, അഡീഷണൽ എസ്ഐ മുനിദാസ,് എസ്സിപിഒ കൃഷ്ണദാസ്, സിപിഒ പ്രദീപ,് ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്ഐ എസ് .ജലീൽ, എഎസ്ഐ അബ്ദുൾ സലാം, വി. ജയകുമാർ, ടി.ആർ സുനിൽ കുമാർ, ആർ. കിഷോർ, കെ. അഹമ്മദ് കബീർ, ആർ .വിനീഷ്, ആർ.രാജീദ്, ദിലീപ്, എസ.് ഷമീർ, എന്നിവരടങ്ങിയ സംഘമാണ് കള്ളനോട്ട് പിടികൂടിയത്.