തിരുവല്ല: കുറ്റപ്പുഴ ഹോം സ്റ്റേ കേന്ദ്രീകരിച്ച് നടന്നു വന്ന വ്യാജനോട്ട് നിര്‍മാണക്കേസില്‍ പിടിയിലായവര്‍ക്കു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബന്ധമെന്ന് പോലീസ്.
കൊടുങ്ങൂര്‍ സ്വദേശി എം. സജിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വ്യാജനോട്ട് നിര്‍മാണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. ഇന്നലെ നാലു പേര് കൂടി പിടിയിലായി. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
കേസിലെ പ്രധാന പ്രതി ശ്രീകണ്ഠപുരം ചെമ്പേലി തട്ടപ്പറമ്പില്‍ വീട്ടില്‍ എസ്. ഷിബു (43), ഷിബുവിന്റെ ഭാര്യ സുകന്യ (നിമിഷ- 31), ഷിബുവിന്റെ സഹോദരന് തട്ടാപ്പറമ്പില്‍ വീട്ടില്‍ എസ്. സജയന് (35) , കൊട്ടരക്കര ജവഹര്‍ നഗര്‍ ഗാന്ധി മുക്ക് ലക്ഷം വീട് കോളനിയില്‍ സുധീര്‍ (40 )എന്നിവരാണ് ഇന്നലെ പിടിയിലായത് .
ഷിബുവിന്റെ പിതൃസഹോദര പുത്രന് കാഞ്ഞിരപ്പള്ളി കൊടുങ്ങൂര്‍ തട്ടാപ്പറമ്പില്‍ വീട്ടില്‍ സജി (38)യെ വ്യാഴാഴ്ച അറസ്റ്റു ചെയ്തിരുന്നു.
സംഘത്തോടൊപ്പം ഇന്നലെ പിടികൂടിയ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും കേസില്‍ പ്രതികളല്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് വിട്ടയച്ചു.
സംഘം ഉപയോഗിച്ചു വന്നിരുന്ന രണ്ട് ഇന്നോവ കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.3,94,000രൂപ ഇവരില്‍നിന്നു കണ്ടെടുത്തു. ഇടപാടുകള്‍ക്ക് നല്കുന്ന തുകയുടെ മൂന്നിരട്ടി കള്ളനോട്ട് തിരിച്ചു നല്‍കുന്നതാണ് ഇവരുടെ രീതി.
2000, 500 നോട്ടുകളാണ് വ്യാജമായി നിര്മിച്ചവയിലേറെയും. തിരുവല്ലയിലെ ഹോംസ്റ്റേയില്‍ താമസിച്ചിരുന്ന സംഘം മടങ്ങിയതിനേ തുടര്‍ന്ന് മുറി വൃത്തിയാക്കാനെത്തിയ ഉടമ 200, 500, 2000 നോട്ടുകളുടെ മുറിച്ച ഭാഗങ്ങള്‍ കണ്ടെത്തി.
ഇക്കാര്യം രഹസ്യാന്വേഷണ വിഭാഗത്തിനു കൈമാറിയതിനു പിന്നാലെയാണ് സജി പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്ക് ഇടപാടുകാരുണ്ട്.
തട്ടിപ്പ് യഥാർഥ നോട്ടിന്റെ കളർ പ്രിന്റ് കാണിച്ച്
യഥാര്‍ഥ നോട്ടിന്റെ കളര്‍ പ്രിന്റ് എടുത്ത് ആളുകളെ വീഡിയോ വഴി കാണിച്ചാണ് തട്ടിപ്പ്. യഥാര്‍ഥ നോട്ട് വാങ്ങി വ്യാജനോട്ട് നല്‍കുകയാണ് രീതി.
നോട്ടിന്റെ നിറം മാറ്റാൻ രാസവസ്തു
ഇടപാടുകാര്‍ നേരിട്ടെത്തുമ്പോള്‍ രാസവസ്തു ചേര്‍ത്ത് കറുപ്പു നിറമാക്കിയ യഥാര്‍ഥ നോട്ടുകളാണ് കാണിക്കുക. മറ്റൊരു രാസവസ്തു ഉപയോഗിച്ച് ഉരയ്ക്കുമ്പോള്‍ കറുപ്പ് നിറം മാറി നോട്ടിന് യാഥാര്‍ഥ നിറം വന്നുചേരും.
ഇടപാടുകാര്‍ക്ക് നല്കുന്ന നോട്ടുകെട്ടിന്റെ മുകളിലും താഴഴെയും ഇത്തരത്തിലുള്ള നോട്ടുകളാണ് വച്ചിരുന്നത്. കെട്ടിനിടയില്‍ വെറും കറുത്ത പേപ്പറുകള്‍ മാത്രമായിരിക്കും. ഇതു പരിശോധിക്കാനുള്ള സാവകാശം ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നില്ല. പകരം ഇവര്‍ക്ക് രാസവസ്തു നല്‍കുകയും ഇതു പുരട്ടിയാല്‍ നോട്ട് യഥാര്‍ഥ രൂപത്തിലെത്തുമെന്ന് പറയും.
മുൻപും സമാനകേസുകളിൽ പ്രതി
കേസിലെ ഒന്നാം പ്രതി ഷിബു നേരത്തെ പെരിന്തല്‍മണ്ണ, പൊന്നാനി, മലപ്പുറം സ്റ്റേഷനുകളില്‍ കള്ളനോട്ട് കേസില്‍ പിടിയിലായിട്ടുണ്ട്. ബംഗളുരുവിലായിരുന്ന ഇയാള്‍ക്ക് അവിടെവച്ച് നോട്ടിരട്ടിപ്പ് സംഘത്തില്‍പ്പെട്ട് പണം നഷ്ടമായിരുന്നു.
ഇതു വീണ്ടെടുക്കാനുള്ള ശ്രമമാണ് നാട്ടില്‍ എത്തിയശേഷം നടത്തിയത്. സുഹൃത്തുക്കളെയും ബന്ധുക്കളെയുമാണ് ഒപ്പം ചേര്‍ത്തത്. പിടിയിലായ യുവതിയും സമാനമായ തട്ടിപ്പ് കേസില്‍ പ്രതിയായിരുന്നു.
ഇവര്‍ ഇരുപത്തിയാറാമത്തെ വയസ്് മുതല്‍ ഇതില്‍ ഏര്‍പ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. ഡിവൈഎസ്പി പി.ടി.രാജപ്പന്,സിഐ വിനോദ്, എസഐ ആദര്‍ശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കോട്ടയം നാഗമ്പടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ കൊടുങ്ങൂര്‍ പട്ടിമറ്റം സ്വദേശി എടുത്ത ഫ്ളാറ്റിലെ ഇടപാടുകളെ സംബന്ധിച്ചും പോലീസ് അന്വേഷണം തുടങ്ങി. രണ്ടുമാസം മുമ്പാണ് നാഗമ്പാടത്ത് ഫ്ളാറ്റെടുത്തത്.
പ്രതിമാസം 30000 രുപ വാടകയ്ക്കാണ് ഫ്്ളാറ്റ് എടുത്തിരുന്നത്. ഇവിടെ പോലീസ് നടത്തിയ പരിശോധനയില്‍ നോട്ട് അച്ചടിക്കാന്‍ ഉപയോഗിക്കുന്ന പ്രിന്റര്‍, പെന്‍ ഡ്രൈവുകള്‍, നോട്ട് അടിച്ചതിനുശേഷം മുറിച്ച പേപ്പറിന്റെ ഭാഗങ്ങള്‍ തുടങ്ങിയവ ഫ്ളാറ്റില്‍ നിന്നു കണ്ടെടുത്തു.