വിതുര : 500 രൂപയുടെ 81 വ്യാജ നോട്ടുകളുമായി നാലംഗ സംഘത്തെ വിതുര പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി വിതുര ബിവറേജ് ഔട്ട് ലെറ്റിൽ മദ്യം വാങ്ങാനെത്തിയ പൊന്മുടി കുളച്ചിക്കര സ്വദേശി സനുവിൽ നിന്നാണ് വ്യാജ നോട്ട് ആദ്യം പിടികൂടിയത്.
ഇവിടെ നൽകിയ നാല് 500 രൂപ നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സനുവിനെ ചോദ്യം ചെയ്തപ്പോൾ വ്യാജനോട്ടാണ് നൽകിയതെന്നും പൊന്മുടി സ്വദേശിയായ തങ്കയ്യനാണ് നോട്ട് നൽകിയതെന്ന് സനു പോലീസിനോട് വെളിപ്പെടുത്തി .
തുടർന്ന് പൊന്മുടിയിലെത്തി തങ്കയ്യൻ, രമേശൻ,കുട്ടപ്പൻ എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ 77 വ്യാജ നോട്ടുകൾ കൂടി കണ്ടെത്തി.
കള്ളനോട്ടിന്റെ ഉറവിടം തമിഴ്നാടാണെന്നും ഇവർക്ക് തമിഴ്നാട് തൂത്തുകുടി സ്വദേശിയാണ് നോട്ടുകൾ നൽകിയതെന്നും പോലീസ് പറഞ്ഞു.
നെടുമങ്ങാട്, വിതുര സ്ഥലങ്ങളിൽ തണ്ണിമത്തൻ കച്ചവടം നടത്തുന്നയാളാണ് ഈ തമിഴ്നാട് സ്വദേശിയെന്നും ഇയാളെ കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.