കായംകുളം: നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഉൾപ്പെടുന്ന പത്ത് കോടി രൂപയുടെ നോട്ടുകൾ കായംകുളത്ത് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ മുഹമ്മദ് ഹാരിസ്,പ്രകാശ്,മുഹമ്മദ് റഫീഖ്,അഷ്റഫ്,കൊടുവള്ളി സ്വദേശി നൗഷാദ് എന്നിവരെ കായംകുളം സിഐ കെ. സദൻ, എസ്ഐ രാജൻ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ ദേശീയപാതയിൽ കായംകുളം കൃഷ്ണപുരത്തിന് സമീപം വാഹന പരിശോധന്ക്കിടെയാണ് ഇവർ പിടിയിലായത്. നോട്ടുകെട്ടുകൾ ചാക്കുകളിൽ കെട്ടി കാറിനുള്ളിലും കാറിന്റെ ഡിക്കിയിലും സൂക്ഷിച്ചിരിക്കുകയായിരുന്നു. രണ്ടുകാറുകളും പോലീസ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. നോട്ടുകൾ ഓച്ചിറയിൽ ഉള്ള ഒരു സംഘത്തിന് നൽകാൻ കൊണ്ടുവന്നതാണന്നാണ് പിടിയിലായവർ പൊലീസിന് നൽകിയ മൊഴി.
ഒരു കോടി നിരോധിത നോട്ട് നൽകുന്പോൾ 30 ലക്ഷം രൂപയുടെ പുതിയ നോട്ടുകൾ സംഘം തിരികെ നൽകുമെന്നും ഇവർ പൊലീസിന് മൊഴി നൽകി. പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്ത് വരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ഉടൻ സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ പിടിയിലായവരിൽ നിന്നും ശേഖരിക്കും. ഓച്ചിറയിലെ സംഘം ആരാണന്ന് കണ്ടെത്താനും പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.