ചെർപ്പുളശേരി: കള്ളനോട്ടുമായി കാടാന്പുഴ സ്വദേശിയായ മധ്യവയസ്കനെ ചെർപ്പുളശേരി പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം കാടാന്പുഴ തൃച്ചപ്പറ ഓണത്തുകാട്ടിൽ അബ്ദുൾ കരീമിൽ (53)നിന്നും 2,000 രൂപയുടെ 41 കള്ളനോട്ടുകളായി 82,000 രൂപയാണ് പിടികൂടിയത്. ഒറ്റപ്പാലം ജുഡീഷൽ മജിസ്ട്രേറ്റ് കോടതയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഷൊർണൂർ ഡിവൈഎസ്പി എൻ.മുരളീധരന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ചെർപ്പുളശേരി സിഐ ടി.മനോഹരൻ, എസ്ഐ സി.കെ.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
അബ്ദുൾ കരീമിനെ പരിശോധിച്ചതിനെതുടർന്ന് അരയിൽ വെള്ളപ്പേപ്പറിൽ പൊതിഞ്ഞ് ബ്രൗണ്‍ ടേപ്പ് ചുറ്റിയ നിലയിൽ ദീർഘചതുരാകൃതിയിലുള്ള പൊതിയിലാണ് കള്ളനോട്ടുകൾ കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു.
കള്ളനോട്ടിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്തുന്നതിന് അന്വേഷണം നടത്തുകയാണെന്നു സിഐ ടി.മനോഹരൻ അറയിച്ചു. വൻ ലോബികൾ തന്നെ ഇതിനു പിന്നിൽ ഉണ്ടെന്നാണ് പോലീസിനു കിട്ടിയ വിവരം.