കോതമംഗലം: ബംഗാളി യുവതികൾ ഉൾപ്പെട്ട കള്ളനോട്ട് കേസിലെ പ്രതികൾ രാജ്യാന്തര കള്ളനോട്ട് സംഘത്തിലെ മുഖ്യകണ്ണികൾ. ദേശീയപാതയില്‍ തലക്കോട് ചെക്കുപോസ്റ്റില്‍ കഴിഞ്ഞ ഒന്നിനാണ് സംഘം പോലീസ് പിടിയിലായത്. യുവതികൾക്കൊപ്പം അറസ്റ്റിലായ പൊൻകുന്നം സ്വദേശി ഗള്‍ഫില്‍ സാമ്പത്തികതിരിമറി നടത്തിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
മുംബൈയില്‍ താമസക്കിയിട്ടുള്ള പശ്ചിമ ബംഗാൾ സ്വദേശികളും സഹോദരിമാരമായ സുഹാന ഷെയ്ക്ക്(27), സാഹിം (20) , പൊന്‍കുന്നം മാളിയേക്കല്‍ അനൂപ് വര്‍ഗീസ്(45) എന്നിവരാണ് അറസ്റ്റിലായത്. കോടതി റിമാൻഡ് ചെയ്ത ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തുന്ന അന്വേഷണത്തിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്.
ബംഗാളി യുവതികളുടെ പേരിൽ മുംബൈയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 10 ഓളം കള്ളനോട്ട് കേസുകള്‍ ഉള്ളതായി മുംബൈ പോലീസ് അന്വേഷണ സംഘത്തെ അറിയിച്ചു.പശ്ചിമ ബംഗാളിലെ മാള്‍ഡ, നേപ്പാള്‍ വഴി കള്ളനോട്ട് എത്തിക്കുന്ന രാജ്യാന്തര സംഘത്തിലെ മുഖ്യകണ്ണികളാണ് ഇവരെന്ന് പോലീസ് സംശയിക്കുന്നു.
ഇവര്‍ക്കായി ഉന്നതങ്ങളില്‍ ബന്ധമുള്ളവരും ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്നവരുമാണ് നിയമസഹായവുമായി എത്താറുള്ളതെന്നും പോലീസ് പറയുന്നു. അഞ്ച് ദിവസമായി കസ്റ്റഡിയില്‍ വാങ്ങിയ പ്രതികള്‍ക്ക് മുമ്പാകെ വിവിധ തെളിവുകള്‍ നിരത്തി പോലീസ് ചോദ്യം ചെയ്തിട്ടും സഹകരിക്കുന്നില്ലെന്നാണ് അറിയുന്നത്. സിനിമ സീരിയല്‍ രംഗവുമായി ബന്ധമുള്ള ഇവര്‍ സെക്സ് ടൂറിസത്തിന്റെ മറവിലാണ് കള്ളനോട്ട് ഇടപാട് നടത്തുന്നതെന്നും പോലീസ് പറഞ്ഞു.
പൊൻകുന്നം സ്വദേശി അനൂപിന് അറസ്റ്റിലായ സാഹിമുമായി ഗള്‍ഫില്‍ വച്ചുള്ള പരിചയമാണ് കള്ളനോട്ട് ഇടപാടില്‍ എത്തിച്ചത്. ബഹ്റിനില്‍ അനൂപ് ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറിയില്പ്പെട്ടിരുന്നു. ചെക്ക് നല്‍കിയാണ് അവിടെ നിന്ന് തിരിച്ച് കേരളത്തില്‍ എത്തിയിട്ടുള്ളത്. ഈ പണം തിരികെ നല്‍കാനായാണ് നാട്ടിലെ സ്ഥലം വിറ്റതെന്നും പറയുന്നു. ഗള്‍ഫിലെ സാമ്പത്തിക തിരിമറി തീര്‍ക്കാനായിട്ടാണ് സാഹിമുമായി കള്ളനോട്ട് ഇടപാട് ആസൂത്രണം ചെയ്തതെന്നാണ് പോലീസിന് ലഭിച്ച വിവരം.
തലക്കോട് ചെക്ക്പോസ്റ്റില്‍ ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ പ്രതികളുടെ കൈവശം 2000 ത്തിന്റെ 11 കള്ളനോട്ടുകളും 7.5 ലക്ഷ രൂപയുമാണ് ഉണ്ടായിരുന്നത്. മുംബൈയിലേയും ബംഗാളിലേയും ഉള്‍പ്പെടെ വന്‍കള്ളനോട്ട് റാക്കറ്റുമായി ബന്ധമുള്ള ബംഗാളി യുവതികള്‍ മുഖേന കേരളത്തില്‍ ലക്ഷങ്ങളുടെ കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടോയെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
പ്രതികള്‍ക്ക് രാജ്യാന്തര ബന്ധമുള്ളതായി വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ കേസ് അന്വേഷണം പൂർണമായും എന്‍ഐഎ പോലുള്ള ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാനും സാധ്യതയുണ്ട്. മുംബൈയിലേക്ക് പോയിരിക്കുന്ന പോലീസ് അന്വേഷണ സംഘം മടങ്ങിവന്നാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു.