ചാത്തന്നൂർ: കള്ളനോട്ടുകളുമായി പാലക്കാട് മങ്കര പോലീസിന്റെ പിടിയിലായ ദമ്പതികളുടെ വീട്ടിൽ കള്ളനോട്ടുകളുടെ ശേഖരം. കള്ളനോട്ട് അച്ചടിക്കാനുള്ള പ്രിന്റർ, സ്കാനർ , കട്ടിംഗ് മെഷീൻ, കമ്പ്യൂട്ടർ എന്നിവയും അച്ചടി പൂർത്തിയാകാത്ത നോട്ടുകളും പിടിച്ചെടുത്തു .
മങ്കര പോലീസ് ചാത്തന്നൂർ പോലീസിന്റെ സഹായത്തോടെയാണ് കാരംകോട് കണ്ണേറ്റയിലെ വീട് റെയ്ഡ് ചെയ്തത്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം രഞ്ജിത് ഭവനിൽ രഞ്ജിത്, ഭാര്യ ലിജ എന്നിവരാണ് കള്ളനോട്ട് മാറി സാധനങ്ങൾ വാങ്ങുന്നതിനിടയിൽ മങ്കരയിൽ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിനെ ഏല്പിച്ചത് .
ഇവരിൽ നിന്നും 500 ന്റെയും 200-ന്റെയും നോട്ടുകൾ ഉൾപ്പെടെ 68500 രൂപ പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ ഇവർ റിമാന്റിലാണ്. ഒമ്പത് മാസം മുമ്പ് വിവാഹിതരായ ഇവർ നാല് മാസം മുമ്പാണ് കണ്ണറ്റയിൽ വീടും വസ്തുവും വാങ്ങിയത്.
രഞ്ജിത് മൈലക്കാട് സ്വദേശിയും ലിജ ഉളിയനാട് തേനു സ്വദേശിനിയുമാണ്. ഇലക്ട്രിക് ഉപകരണങ്ങൾ വില്ക്കുന്ന സ്ഥാപനത്തിന്റെ പ്രതിനിധിയാണെന്നന്നാണ് നാട്ടിൽ പറഞ്ഞിരുന്നത്.ലിജ ചാത്തന്നൂരിലെ ഒരു തയ്യൽക്കടയിൽ ജോലി ചെയ്യുകയായിരുന്നു. പൂട്ടിയിട്ടിരുന്ന നിലയിലായിരുന്നു വീട്.
രജ്ഞിന്റെ മാതാവിനെ വിളിച്ചവരുത്തിയാണ് വീട് തുറന്ന് പോലീസ് സംഘം അകത്തു കടന്നത്. 500 ന്റെ നോട്ട് അച്ചടിച്ച 83 ഷീറ്റുകളും 200 ന്റെ നോട്ട് അച്ചടിച്ച 122 ഷീറ്റുകളും 200 ന്റെ ഒരു വശം മാത്രം അച്ചടിച്ച 80 ഷീറ്റുകളും പിടിച്ചെടുത്തു.
കിടപ്പുമുറിയിലെ കട്ടിലിനടിയിലും മറ്റു മായാണ് കള്ളനോട്ട് അച്ചടിക്കാനുള്ള യന്ത്രങ്ങളും സാമഗ്രികളും സൂക്ഷിച്ചിരുന്നത്. മങ്കര പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എൻ.പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചാത്തന്നൂരിലെത്തി വീട് പരിശോധിച്ചതും തെളിവെടുപ്പ് നടത്തിയതും.