തൃശൂർ: കെഎസ്ആർടിസി സ്റ്റാൻഡിനടുത്തുള്ള ഹോട്ടലിൽ നിന്നും 16 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്ത സംഭവത്തിൽ അറസ്റ്റിലായ അന്താരാഷ്ട്ര തട്ടിപ്പു സംഘത്തിലെ തലവനടക്കം മൂന്നു വിദേശികളെ റിമാൻഡ് ചെയ്തു.
കാമറൂണ്‍ സ്വദേശികളായ ഇനോനി പിയോര (52), സിമോ ഫോട്സോ വിക്ടർ (49), ടെനെ ഫൊങ്കോ ഗുസ്താവെ ജൂലിസ് ബോലിസ് (42) എന്നിവരാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്തത്.
സിറ്റി പോലീസ് കമ്മീഷണർ രാഹുൽ ആർ. നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബാംഗളൂരിൽനിന്നും അതിസാഹസികമായാണു പ്രതികളെ പിടികൂടിയത്. 6,38, 000 രൂപയുടെ കള്ളനോട്ടുകളും, നിർമാണ സാമഗ്രികളായ പ്രിന്റർ, സ്കാനർ, കംപ്യൂട്ടർ എന്നിവയും ഇവരിൽനിന്നു കണ്ടെടുത്തു.
ഈ സംഭവത്തിൽ മതിലകം സ്വദേശിയായ അശോകനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണു വിദേശികളും കള്ളനോട്ട് കേസിൽ പങ്കാളികളാണെന്നു തെളിഞ്ഞത്. ഈ മാസം ആറിനു രാത്രി തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിനടുത്തുള്ള ഹോട്ടലിൽ മുറിയെടുക്കാനെത്തിയ രണ്ടു വിദേശികളും മലയാളിയായ ഒരാളും കൊണ്ടുവന്ന ബാഗിൽ നിന്നാണു 16 ലക്ഷം രൂപയുടെ കള്ളനോട്ടുകളും ഉയർന്ന നിലവാരത്തിലുള്ള കടലാസുകളും കണ്ടെടുത്തത്. പോലീസിന്റെ സാന്നിധ്യം ഉണ്ടെന്നു സംശയം തോന്നിയ ഇവർ ബാഗുപേക്ഷിച്ചു ഹോട്ടലിൽനിന്നും രക്ഷപെടുകയായിരുന്നു.