കോഴിക്കോട് : ബാലുശേരിയില്‍ വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടിച്ച പ്രതികള്‍ ലക്ഷ്യം വച്ചത് നൂറുകോടിരൂപയോളം വ്യാജനോട്ടുകള്‍ അടിക്കാന്‍ . ഇതിനുള്ള എല്ലാ സജ്ജീകരണങ്ങളും വീട്ടില്‍ പൂര്ത്തീകരിച്ചുകൊണ്ടിരിക്കെയാണ് പ്രതികള്‍ വലയിലായതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കഴിഞ്ഞ രണ്ടുദിവസമായി കോയമ്പത്തൂരിലും ചെന്നൈയിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയതോടെയാണ് പ്രതികളുടെ ‘വിശാല’ ലക്ഷ്യം പോലീസിന് വ്യക്തമായത്.
രാജ്യത്തെ തന്നെ എറ്റവും വലിയ കള്ളനോട്ടടി കേന്ദ്രമായി ഇതുമാറുമായിരുന്നെന്നും പോലീസ് പറയുന്നു. വ്യാജ നോട്ടുകള്‍ ഇതരസംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തിയിരുന്നു. നോട്ടടിക്കുന്ന മെഷിന് വാങ്ങിയത് കോയമ്പത്തൂരില്‍നിന്നും പേപ്പര്‍ , മഷി, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ വാങ്ങിയത് ചെന്നൈയില്‍നിന്നുമാണ്. ഇതാണ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചത്.
പോസ്റ്റ് ഓഫീസ് റോഡിലെ മീത്തലെ മണഞ്ചേരി രാജേഷ് കുമാറിന്റെ വീട്ടിലായിരുന്നു പ്രതികള്‍ കള്ളനോട്ടടിക്കാനുള്ള സജ്ജീകരണങ്ങള്‍ പുര്ത്തീയാക്കിയയത്. രാജേഷ് കുമാറിനെ കൂടാതെ മുഖ്യ സൂത്രധാരന്‍ വൈറ്റില സ്വദേശി വില്‍ബര്‍ട്ട്, കോഴിക്കോട് നല്ലളംസ്വദേശി വൈശാഖ് എന്നിവരാണ് കള്ളനോട്ടടിയിലെ പ്രതികള്‍ .
നോട്ടടിക്കാനുള്ള എല്ലാ ആസൂത്രണങ്ങളും നടത്തിയത് വില്ബര്ട്ടാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു. രാജേഷാണ് നോട്ടടിക്കാനാവശ്യമായ പണം ചെലവാക്കിയത്. വില്‍ബര്‍ട്ടും വൈശാഖും നോട്ടടിക്കുകയും വിവിധ സ്ഥലങ്ങളില്‍ വിതരണത്തിനായി എത്തിച്ചുകൊടുക്കാനുമാണ് ഇവര്‍ പദ്ധതി തയ്യാറാക്കിയത്. പ്രതികളുടെ രണ്ട് കാറുകളും ബൈക്കും പൊലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പേരാമ്പ്ര കോടതി പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ഡിവൈഎസ്പി എം.സുബൈറിന് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. പ്രതികളെ ഇന്നലെ ബാലുശേരിയില്‍ എത്തിച്ച് തെളിവെടുത്തു.തെളിവെടുപ്പ് പൂര്‍ത്തിയായതായി പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് എന്‍ഐഎയും അന്വേഷണം നടത്തുന്നുണ്ട്.