പുന്നയൂർക്കുളം: ഒരു ലക്ഷത്തി പതിനാറായിരം രൂപയുടെ കള്ളനോട്ടുകളുമായി മുംബൈ സ്വദേശികളായ ദന്പതിമാർ പെരുന്പടപ്പ് പോലീസിന്റെ പിടിയിലായി. മുംബൈ സ്വദേശി അക്ഷയ് ശർമ ( 38), ഭാര്യ ജ്യോന്യ ആന്ദ്രൂസ് (28)എന്നിവരാണ് ബുധനാഴ്ച പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽനിന്നാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്. ഒരേ നന്പറിലുള്ള 2000 രൂപയുടെ നോട്ടുകളായിരുന്നു എല്ലാം. കള്ളനോട്ടടിക്കാൻ ഉപയോഗിക്കുന്ന പേപ്പർ, പ്രിന്റർ എന്നിവയും ഒരു ലാപ്ടോപ്പും ഇവരിൽനിന്നു കണ്ടെടുത്തു.
ബുധനാഴ്ച ഉച്ചയോടെ മാറഞ്ചേരി ആവുണ്ടിത്തറയിലെ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിൽനിന്ന് അക്ഷയ് ശർമയും ഭാര്യയും ചേർന്ന് 650 രൂപ വിലവരുന്ന ചുരിദാറിന്റെ ടോപ്പ് വാങ്ങുകയും 2000 രൂപയുടെ നോട്ട് നൽകുകയും ചെയ്തിരുന്നു. സ്ഥാപനമുടമ ബാക്കി പണം നൽകിയശേഷം ഇവർ പെരുന്പടപ്പ് ഭാഗത്തേക്കു പോയി.
ഇതിനിടെ കട ഉടമയ്ക്ക് ഇവർ നൽകിയ 2000 രൂപയുടെ നോട്ട് കള്ളനോട്ടാണെന്നു ബോധ്യപ്പെട്ടതിനാൽ പെരുന്പടപ്പ് പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് കാർ വന്നേരി പോലീസ് സ്റ്റേഷന്റെ മുന്നിൽ തടഞ്ഞ് ദന്പതികളെ പിടികൂടുകയായിരുന്നു. നിതീഷ് തലങ്കർ എന്നാണ് ഇയാൾ പോലീസിനോട് ആദ്യം പേരു പറഞ്ഞത്. എന്നാൽ ഇയാളുടെ ആധാർ കാർഡ് കണ്ടെത്തിയതോടെയാണ് അക്ഷയ ശർമ എന്നാണ് പേരെന്നു തിരിച്ചറിഞ്ഞത്.
ഒരു മാസമായി ഇവർ കേരളത്തിൽ എത്തിയിട്ടെന്നും കൊച്ചി, ഗുരുവായൂർ എന്നിവിടങ്ങളിൽ താമസിച്ചതായും പൂനയിലും ഹൈദരാബാദിലും ഇവർക്കെതിരെ കേസുള്ളതായും പോലീസ് പറഞ്ഞു. പെരുന്പടപ്പ് പോലീസ് സബ് ഇൻസ്പെക്ടർ ഇ.എ.സുരേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ടി. വി. പ്രദീപ്, സുനിൽ, എഎസ്ഐ സുധീർ, സിവിൽ പോലീസ് ഓഫീസർമാരായ മധുസൂദനൻ, പ്രദീപ്, വിമൽകുമാർ, അനീഷ്, സജീഷ്, അന്നമ്മ ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.