പട്ടാന്പി: രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 99 ലക്ഷം രൂപ കൊപ്പം പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ അറസ്റ്റുചെയ്തു. പാലക്കാട് എസ്പി ദേബേഷ്കുമാർ ബഹ്റയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊപ്പം എസ്ഐ എം.ബി.രാജേഷും സംഘവും പണം പിടികൂടിയത്.
കോയന്പത്തൂരിൽനിന്ന് പണം മലപ്പുറത്തേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. ചൊവ്വാഴ്ച രാത്രി നടത്തിയ പട്രോളിംഗിലാണ് കാറിൽനിന്ന് പണം പിടികൂടിയത്. കാറിന്റെ ഡോറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. മലപ്പുറം പൂച്ചോലമേട് പുള്ളാട്ടുവീട്ടിൽ മുഹമ്മദ് സാഹിർ (23), തിരുരങ്ങാടി പറക്കാട്ടിൽവീട്ടിൽ സഹദ് (25), മലപ്പുറം കല്ലുവളപ്പിൽ നിസാമുദ്ദീൻ (25) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
എസ്ഐയ്ക്ക് പുറമെ എഎസ്ഐമാരായ മധുസൂദനൻ, അരവിന്ദാക്ഷൻ പോലീസുകാരായ സുധീഷ്, രാജേഷ്’, വിനോദ്, ബൈജു, ശശി, റിനു മോഹൻ, കലാധരൻ, മുരുകൻ, ലീലാകൃഷ്ണൻ, പ്രസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൊപ്പം പോലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ച് നാലുമാസത്തിനുള്ളിൽ അനധികൃതമായി കടത്തിയ നാലുകോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്.