പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നു രണ്ടുകോടിയിലേറെ രൂപയുടെ കുഴൽപ്പണം പിടികൂടി. രണ്ടു മലയാളികൾ അടക്കം അഞ്ചുപേർ അറസ്റ്റിലായി. കൊല്ലം സ്വദേശികളായ സുരേന്ദ്രൻ (24), വിവേക് (26), മഹാരാഷ്ട്ര സ്വദേശികളായ പദംസിംഗ് (27), പ്രമോദ് (24), കർണാടക സ്വദേശി പ്രഭാകർ (26) എന്നിവരാണ് അറസ്റ്റിലായത്.
കോയന്പത്തൂരിൽനിന്നും കൊല്ലത്തേക്കു കൊണ്ടുപോകുന്പോഴാണ് 2,05,41,500 രൂപ പിടികൂടിയത്. അഹല്യനഗരി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എസ്ഐയ്ക്കു ലഭിച്ച രഹസ്യവിവരത്തെതുടർന്ന് എഎസ്ഐ കെ. സാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഹല്യനഗരി തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ ഇന്നലെ ഉച്ചയ്ക്ക് 12.20നു പരിശോധന നടത്തിയത്.
സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ അഞ്ചുപേരെ പരിശോധിച്ചപ്പോഴാണ് കുഴൽപ്പണം കണ്ടെത്തിയത്.
കോയന്പത്തൂരിൽനിന്ന് കൊല്ലത്തേക്കു കടത്തുകയായിരുന്നുവെന്നാണ് പ്രതികൾ മൊഴി നല്കിയത്. ഇവർ ധരിച്ച ഷർട്ടിനുള്ളിൽ പ്രത്യേക ജാക്കറ്റ് ധരിച്ച് അതിനുള്ളിലാണ് പണം ഒളിപ്പിച്ചിരുന്നത്. നോർത്ത് പോലീസ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.