പാലോട്: വ്യാജരേഖയുണ്ടാക്കി ഒളിവിൽ കഴിഞ്ഞ കള്ളനോട്ട് കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
തെന്നൂരിൽ വാടകക്ക് താമസിക്കുന്ന കോഴിക്കോട് വടകര വൈക്കിലശേരി പുത്തൻപുരയിൽ വീട്ടിൽ മുഹമ്മദ് ഹംജാദ് (26), കണ്ണൂർ തയ്യിൽ സജിനാ മൻസിലിൽ സജിന (30) എന്നിവരാണ് അറസ്റ്റിലായത്.
ഹംജദിന്റെ തിരിച്ചറിയൽ കാർഡുകൾ വീട്ടുടമസ്ഥന് നൽകാതെ ഒപ്പമുള്ള യുവതിയുടെയും അമ്മയുടെയും തിരിച്ചറിയൽ രേഖകൾ നൽകിയാണ് വാടകച്ചീട്ട് എഴുതിയിരുന്നതെന്നും ഇവരുടെ ആധാർ കാർഡിലെ വിവരങ്ങളിൽ തിരുത്തൽ വരുത്തിയതാണെന്നും പോലീസ് പറഞ്ഞു.
2018ൽ കള്ളനോട്ട് കേസിൽജയിൽശിക്ഷ അനുഭവിച്ച ഹംജാദ് ജാമ്യത്തിലിറങ്ങിയശേഷം ബീമാപള്ളിയിലും പിന്നീട് തെന്നൂരും താമസമാക്കി.
മൊബൈൽ ഫോൺ കടനടത്തുകയായിരുന്ന ഇയാളെ പോലീസ് നിരീക്ഷിച്ചുവരുകയായിരുന്നു.
കടയിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ലാപ്ടോപ്, മൊബൈൽ, പ്രിന്റർ എന്നിവ ശാസ്ത്രീയ പരിശോധനക്ക് അയച്ചു.
നെടുമങ്ങാട് എഎസ്പി രാജ്പ്രസാദിന്റെ നിർദേശപ്രകാരം പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്ഐമാരായ നിസാറുദീൻ, ബാബുകാണി, ഗ്രേഡ് എസ്ഐമാരായ റഹിം, ഉദയൻ, വിനോദ്, അനിൽകുമാർ, സജീവ്, സുരേഷ്ബാബു, റിയാസ്, ഗീത, സുജുകുമാർ, വിനീത്, സഹീഹത്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിനു നേതൃത്വം നൽകിയത്.