വടകര: നോട്ട് നിരോധന വേളയിൽ തിരിച്ചടി നേരിട്ട കുഴൽപണ വിതരണ സംഘങ്ങൾ സജീവമായി. വടകര താലൂക്കിലെ പ്രധാന കൂഴൽവിതരണ കേന്ദ്രമായി അറിയപ്പെടുന്ന വില്യാപ്പള്ളിയിൽ പുത്തൻ സംഘങ്ങൾ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. വിദേശത്ത് നിന്ന് നിർദേശിക്കുന്നതനുസരിച്ച് നിശ്ചിത തുക ലക്ഷ്യസ്ഥാനത്തെത്തിക്കുകയാണ് ഇവർ ചെയ്യുന്നത്. ഇതിലൂടെ നല്ലൊരു തുക കമ്മീഷനായി അടിച്ചെടുക്കുന്നു.
ചുരുങ്ങിയ സമയം കൊണ്ടു നല്ലൊരു തുക കീശയിലാക്കാമെന്നു കണ്ട് കൂടുതൽ പേർ ഈ രംഗത്തേക്കു കടന്നുവരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എണ്ണക്കൂടുതൽ ഇവർ തമ്മിലുള്ള ശണ്ഠക്ക് കാരണമാവുകയും ചെയ്യുന്നു.
വോളിബോൾ താരം കൂടിയായ വില്യാപ്പള്ളിയിലെ നീലിയത്ത് കുനി സെയ്തിന്റെ നേതൃത്വത്തിലായിരുന്നു കടത്ത്.
ഇദ്ദേഹം പോലീസിന്റെ അതിഥിതാരമായി വോളിബോൾ ടൂർണമെന്റിൽ കളിക്കാറുണ്ട്. ഇയാൾ പിടിയിലായത് പോലീസിനെയും ഞെട്ടിച്ചു. പൊന്മേരി പറന്പിൽ വരിക്കോളിതാഴക്കുനി ബഷീർ, വണ്ണാന്റവിട കുനിയിൽ വി.കെ.മൻസിൽ ബദറുദീൻ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ഇവരെ പോലെ ഈ രംഗത്ത് പുതിയ ചെറുപ്പക്കാർ കൂടുതലായി കടന്നുവരുന്നതായി പോലീസിനു വിവരമുണ്ട്.