വടകര: വടകരയിൽ മൂന്നു ലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസിൽ പോലീസ് അന്വേഷണം ഉൗർജിതം. റിമാന്റിലായ രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടർന്ന് കള്ളനോട്ട് നിർമിക്കാൻ ഉപയോഗിച്ച സാമഗ്രികൾ കണ്ടെടുത്തു. വയനാട് നടവയലിൽ നിന്നാണ് വടകര സിഐ ടി.മധുസൂദനനും സംഘവും ഉപകരണങ്ങൾ പിടിച്ചെടുത്തത്.
കള്ളനോട്ട് അച്ചടിക്കാൻ ഉപയോഗിച്ച പ്രിന്ററും കംപ്യൂട്ടറും മഷിയും ഉൾപ്പെടെയുള്ള സാമഗ്രികളാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. അന്താരാഷ്ട്ര ബന്ധമുള്ള സംഘം വയനാട്ടിൽ നിന്ന് കള്ളനോട്ടുകൾ നിർമിച്ച് മലബാറിലെ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്തു വരികയായിരുന്നു. പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വയനാട്ടിലേക്ക് വ്യാപിപ്പിച്ചത്.
വടകര താഴെ അങ്ങാടിയിലെ സുല്ലു എന്ന സലീം, മലപ്പുറം മേലാറ്റൂർ സ്വദേശി അബ്്ദുൽ ലത്തീഫ് എന്നിവരാണ് ഇക്കഴിഞ്ഞ 23-നു 3.16 ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടിയിലായത്. അബ്ദുൾലത്തീഫിന്റെ ബന്ധുവിന്റെ വയനാട് നടവയലിലെ വീടാണ് സംഘം കള്ളനോട്ട് നിർമിക്കാൻ ഉപയോഗിച്ചത്. ആൾതാമസമില്ലാത്ത വീട്ടിൽ അത്തർ വ്യാപാരികളെന്ന പേരിൽ താമസിച്ച് കള്ളനോട്ട് നിർമിക്കുകയായിരുന്നു.
സുല്ലുവിനെയും അബ്ദുൾലത്തീഫിനെയും കൂട്ടി സിഐയും സംഘവും നടവയലിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. കംപ്യൂട്ടർ, പ്രിന്റർ, സ്കാനർ, ലാമിനേറ്റിംഗ് യന്ത്രം, പേപ്പർ കട്ടർ, മഷിക്കുപ്പികൾ, നാല് കെട്ട് എ ഫോർ കടലാസ് എന്നിവയാണ് കണ്ടെടുത്തതെന്ന് തെന്ന് സിഐ പറഞ്ഞു.
ഇരുവർക്കും പുറമെ മലപ്പുറം പൂക്കോട്ടുപാടം സ്വദേശി ലത്തീഫും സംഘത്തിലുണ്ടായിരുന്നു. ഇയാളെ കണ്ടെത്താനുള്ള ഉൗർജിത ശ്രമത്തിലാണ് അന്വേഷണ സംഘം. അന്യസംസ്ഥാനങ്ങളുമായി സംഘത്തിനു ബന്ധമുണ്ടെന്ന് പോലീസ് സൂചന നൽകി. വലിയ റാക്കറ്റിലെ കണ്ണികളാണ് പിടിയിലായവർ.
സുല്ലുവിന്റെ പരിചയം ഉപയോഗപ്പെടുത്തി വടകരയിൽ കള്ളനോട്ട് വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പോലീസിന്റെ വലയിലായത്. മറ്റു പ്രദേശങ്ങളിലും കള്ളനോട്ട് വിതരണം ചെയ്തതായി സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പോലീസിനായിട്ടില്ല. കേസ് മറ്റൊരു ഏജൻസിയെ ഏൽപിക്കാനും നീക്കമുണ്ട്.