ചങ്ങരംകുളം:ഒരുലക്ഷത്തി പതിനാറായിരം രൂപയുടെ കള്ളനോട്ടുമായി പിടിയിലായ മഹാരാഷ്ട്ര സ്വദേശികളായ ദന്പതികളെ ഇന്ന് പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
. മാഹാരാഷ്ട്ര നാഗപ്പൂർ സ്വദേശികളായ അക്ഷയ് ശർമ (38), ഭാര്യ ജോനാ ആൻഡ്രൂസ് (28) എന്നിവരാണ് കഴിഞ്ഞ ദിവസം പെരുന്പടപ്പ് പോലീസിന്റെ പിടിയിലായത്.
ഇവർ രാജ്യത്തിന്റെ പല ഭാഗത്തും സമാനമായ കേസിൽ പ്രതികളാണെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. മാറഞ്ചേരി അവണ്ടിത്തറയിലെ ടെക്സ്റ്റൈൽസിൽ നിന്നു തുണിത്തരങ്ങൾ വാങ്ങിയശേഷം നൽകിയ 2000 രൂപയുടെ നോട്ടിൽ സംശയം തോന്നിയ കടയുടമ പോലീസിൽ വിവരം നൽകുകയായിരുന്നു.
തുടർന്ന് ഇവർ സഞ്ചരിച്ച കാർ പെരുന്പടപ്പ് പോലീസ് പിടികൂടുകയും പരിശോധനയിൽ കള്ളനോട്ടും നോട്ട് അടിക്കാൻ ഉപയോഗിച്ച ഒരു പ്രിന്ററും ലാപ്ടോപ്പും അടക്കമുള്ള ഉപകരണങ്ങളും കണ്ടെത്തി. അഞ്ഞൂറിന്റെ 52 നോട്ടുകളും രണ്ടായിരത്തിന്റെ 45 നോട്ടുകളുമാണ് ഇവരിൽ നിന്ന് പോലീസ് കണ്ടെത്തിയത്.
പെരുന്പടപ്പ് സബ് ഇൻസ്പെക്ടർ ഇ.എ. സുരേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ടി.വി. പ്രദീപ്, സുനിൽ, എ.എസ്.ഐ. സുധീർ, സിവിൽ പോലീസ് ഓഫീസർമാരായ മധുസൂദനൻ, പ്രദീപ്, വിമൽകുമാർ, അനീഷ്, സജീഷ്, അന്നാമ ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ തുടരന്വേഷണത്തിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്നു എസ്ഐ സുരേഷ് പറഞ്ഞു.