കോട്ടയം: എരുമേലിയിലെ കള്ളനോട്ട് കേസിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എരുമേലി വയലാപറന്പ് കുഴിക്കാട്ട് ഷെഫീക്ക് (26), ഇയാൾക്ക് പണം നൽകിയ വെച്ചൂച്ചിറ സ്വദേശി തകടിയേൽ മണിയപ്പൻ (63) എന്നിവരാണ് അറസ്റ്റിലായത്.
ഏതാനും ദിവസങ്ങൾക്കു മുന്പു തിരുവല്ലയിലെ ഹോം സ്റ്റേയിൽ താമസിച്ചു കള്ളനോട്ട് അടിച്ചു വിതരണം ചെയ്ത സംഘത്തെ പോലീസ് പിടികൂടിയിരുന്നു.
ഇവരിൽ ഒരാൾ കാഞ്ഞിരപ്പള്ളി സ്വദേശിയായിരുന്നു. പിടികൂടുന്പോൾ ഇയാൾ താമസിച്ചിരുന്നതു കോട്ടയത്തെ ആഢംബര ഫ്ളാറ്റിലായിരുന്നു.
ഇയാൾ കാഞ്ഞിരപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമെത്തി കള്ളനോട്ടുകൾ വിതരണം ചെയ്തതായി രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
ഈ സംഘവുമായി പിടിയിലായവർക്കു ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാൾ വിതരണം ചെയ്ത പണമാണോ ഇതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഇതിനു പുറമേ എത്ര നാളായി മണിയപ്പനും ഷെഫീക്കും കള്ളനോട്ടിന്റെ ഇടപാടുകൾ തുടങ്ങിയിട്ടെന്നും ആരുമായിട്ടാണ് ഇവർ പതിവായി ഇടപാടുകൾ നടത്തുന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ ഇവർ നോട്ടുകൾ അച്ചടിക്കാറില്ലെന്നും മറ്റു സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്ന നോട്ടുകൾ മാറിയെടുക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.
തമിഴ്നാട്ടിൽ നിന്നുമാണ് വ്യാജ നോട്ടുകൾ എത്തിച്ചിരുന്നതെന്നാണ് പോലീസിനു ലഭിച്ച വിവരം. ഇത്തരം നോട്ടുകൾ എത്തിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്ന ഏജന്റുമാരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ മൊബൈൽ ഫോണുകളിലെ വിവരങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം ഉച്ചയോടെ എരുമേലി ഫെഡറൽ ബാങ്ക് ശാഖയുടെ സിഡിഎമ്മിലാണ് ഷെഫീക്ക് 2000 രൂപയുടെ പത്ത് നോട്ടുകൾ നിക്ഷേപിച്ചത്. തുക അക്കൗണ്ടിൽ എത്തിയില്ലെന്ന് അറിഞ്ഞ് ഷെഫീക്ക്് വിവരം ബാങ്കിലും തുടർന്ന് പോലീസ് സ്റ്റേഷനിലും എത്തി അറിയിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്. മണിയപ്പനു പണം ലഭിച്ചതു കഞ്ചാവ് വിൽപ്പനയിലുടെയാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. കഞ്ചാവ് മാഫിയകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
എരുമേലി എസ്എച്ച്ഒ ആർ. മധുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.