കോഴിക്കോട്: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതിയ്ക്ക് വിദേശബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നു. മാസങ്ങളായി സംഘം കള്ളനോട്ടുകള്‍ അടച്ചടിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇത് ആരെല്ലാമാണ് വിതരണം ചെയ്തതെന്നും ആര്‍ക്കെല്ലാം നല്‍കിയെന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. കള്ളനോട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷമീറിന് ഏതെങ്കിലും രീതിയില്‍ വിദേശത്ത് നിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.
ഷമീറിന്റെ മൊബൈല്‍ ഫോണ്‍ കോളുകളും പരിശോധിച്ചുവരികയാണ്. ഷമീര്‍ ഇപ്പോള്‍ ആറ്റിങ്ങല്‍ പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. കോടതി വഴി കുന്ദമംഗലം പോലീസ് ഷമീറിനെ വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങും. അതേസമയം കഴിഞ്ഞ ഡിസംബറില്‍ പോലീസ് പിടികൂടിയ ബാലുശേരി കള്ളനോട്ട് കേസിലെ പ്രതികളുമായി ഷമീറിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
രണ്ടു ജില്ലകളില്‍ നിന്നായാണ് 20 ലക്ഷം രൂപയുടെ വ്യാജനോട്ടും കറന്‍സി അച്ചടിക്കുന്ന ഉപകരണങ്ങളുമായി അഞ്ചുപേരെ പോലീസ് പിടികൂടിയത്. കോഴിക്കോട് കുന്ദമംഗലം പുല്പറമ്പില് ഷമീര്‍(38), കടയ്ക്കാവൂര്‍ തെക്കുഭാഗം രാജന് പത്രോസ് (61), ചിറയിന്‍കീഴ് സ്വദേശി പ്രതാപന് (48), പോത്തന്‍കോട് സ്വദേശി അബ്ദുള്‍ വഹാബ് (68), കോടമ്പുഴ താഴത്തൊടി അബ്ദുള്‍ റഷീദ് (70) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ബുധനാഴ്ച വൈകിട്ട് ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ രാജന് പത്രോസ് ബില്ലടയ്ക്കാന്‍ നല്കിയ വ്യാജനോട്ടുകള്‍ പിടികൂടിയതോടെയാണ് കള്ളനോട്ട് ശൃംഖലയെ കുറിച്ച് അറിയാനായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തതോടെ മറ്റുള്ളവരെ കുറിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു.
പിന്നീട് ഷമീറിനെ ഫോണില്‍ കള്ളനോട്ട് ആവശ്യമുണ്ടെന്ന രീതിയില്‍ ആറ്റിങ്ങല്‍ പോലീസ് വിളിച്ചുവരുത്തി. ചോദ്യം ചെയ്തതില്‍ നിന്ന് ഷമീറിന്റെ കുന്ദമംഗലത്തെ വീട്ടില്‍ കള്ളനോട്ടുണ്ടെന്ന് പോലീസിന് വ്യക്തമായി. ഇതോടെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കുന്നമംഗലം പോലീസ് പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്ന് 12.21 ലക്ഷം രൂപയുടെ വ്യാജനോട്ടും ഉപകരണങ്ങളുമാണ് കണ്ടെത്തിയത്.
ഷമീര്‍ ആറ്റിങ്ങല്‍ പോലീസില്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫറോക്ക് പോലീസാണ് ഫറോക്ക് കോടമ്പുഴ പ്രൈവറ്റ് റോഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന താഴെത്തൊടി അബദുള്‍ റഷീദ് (70) ന്റെ വീട്ടില്‍ പരിശോധന നടത്തിയത്. അബ്ദുള്‍ റഷീദിനെ അറസ്റ്റ് ചെയ്ത പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ അലമാറയില്‍ സൂക്ഷിച്ച 2,40,000 രൂപയും പിടിച്ചെടുത്തു. രണ്ടായിരത്തിന്റെ നോട്ടുകളാണ് പിടിച്ചെടുത്തവയില്‍ ഏറെയും.
രാവിലെ ഫറോക്കില്‍ നിന്ന് വ്യത്യസ്ഥ സ്ഥലങ്ങളിലേയ്ക്ക് ട്രെയിന്‍ കയറി കള്ളനോട്ട് മാറ്റിയെടുക്കുകയാണ് അബ്ദുള്‍ റഷീദിന്റെ രീതിയെന്ന് പോലീസ് പറയുന്നു. 20 വര്‍ഷത്തിലധികമായി ഇയാള്‍ ഫറോക്കിലെ പല ഭാഗത്തായി താമസിച്ചുവരികയാണ്. ഇപ്പോള്‍ രണ്ടര വര്‍ഷക്കാലമായി ഇയാള്‍ കോടമ്പുഴ റോഡിനടുത്ത് വാടക വിട്ടില്‍ താമസിക്കുകയായിരുന്നു.
അതേസമയം ഷമീറിനെ കുറിച്ച് നാട്ടുകാര്‍ക്കും കൂടുതല്‍ അറിയില്ല. തെരഞ്ഞെടുപ്പ് സമയത്ത് വോട്ട്പിടിക്കാനായി എത്തിയപ്പോള്‍ ഇവിടെ സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പൊതു പ്രവര്‍ത്തകരും പറയുന്നു. മിക്കപ്പോഴും വീട് അടഞ്ഞ് കിടക്കാറായിരുന്നു.ഫോട്ടോസ്റ്റാറ്റ് മെഷീന് , ഉപയോഗിച്ച് ഒഴിവാക്കിയ കമ്പ്യൂട്ടറുകള്‍ , പേപ്പറുകള്‍ എന്നിവയെല്ലാം വീട്ടിലെ മുറിയില്‍ നിന്നും കണ്ടെടുത്തു. പ്രതികളെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും വിവരം ശേഖരിക്കുന്നുണ്ട്.