കോതമംഗലം: ബംഗാളി യുവതികൾ ഉൾപ്പെട്ട കള്ളനോട്ടുസംഘത്തെ ഊന്നുകൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ആരംഭിച്ചു. യുവതികൾ മുംബൈയിലും കള്ളനോട്ട് കേസിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് വ്യക്തമാകുന്നത്. എ എസ് പി യുടെ നേത്യത്വത്തിൽ ഇവരെ ഇന്നു വിശദമായി ചേദ്യം ചെയ്യും.
പൊൻകുന്നം മാളിയേക്കൽ അനൂപ് വർഗീസ്(45),മുംബൈയിൽ താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശികളും സഹോദരിമാരുമായ സുഹാന ഷെയ്ക്ക്(27),സാഹിം(20)എന്നിവരാണ് കഴിഞ്ഞ വെള്ളിയാഴ്ച തലക്കോട് ചെക്ക് പോസ്റ്റിൽ കളളനോട്ടുകളുമായി പിടിയിലായത്.
ഇരുപത്തിരണ്ടായിരം രൂപയുടെ കള്ളനോട്ടുകളടക്കം ഏഴര ലക്ഷം രുപയും പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്തിരുന്നു. റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളെ ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്. പ്രതികൾ പിടിയിലായപ്പോൾ ലോക്കൽ പോലിസിനെ കൂടാതെ തൊടുപുഴ ക്രൈംബ്രാഞ്ച് സി ഐ പ്രതിപ്കുമാറിന്റെ നേത്യത്വത്തിലുള്ള സംഘവും എൻ ഐ എ എറണാകുളം സി ഐ സജിമോന്റെ നേത്യത്വത്തിലുള്ള സംഘവും ഊന്നുകൽ സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു.
എന്നാൽ, പിടിയിലായ പൊൻകുന്നം സ്വദേശി അനൂപ് നടത്തിയ വസ്തു കച്ചവടത്തിൽ അഡ്വാസ് ലഭിച്ച തുകയാണ് കൈവശമുള്ള പണമെന്നായിരുന്നു പ്രതികൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഇത് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വാസത്തിലെടുത്തിരുന്നില്ല. പ്രതികളുടെ മൊഴിയിൽ പറയപ്പെടുന്ന വസ്തു ഇടപാട് നടന്നിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല.
അന്തർ സംസ്ഥാന ബന്ധമുള്ള കളളനോട്ട് സംഘത്തിലെ കണ്ണികളാണ് പ്രതികളെന്ന് വ്യക്തമായതായാണ് പോലീസ് പറയുന്നത്. തെളിവെടുപ്പുകൾക്കു ശേഷമേ കൂടുതൽ കാര്യങ്ങൾ പോലീസ് വെളിപ്പെടുത്തുകയുള്ളു. ഹവാല ഇടപാടുളുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്നും വിദേശ ബന്ധങ്ങളും തീവ്രവാദ ബന്ധങ്ങളും അന്വേഷണ വിധേയമാകും.
അടിമാലി ഇരുമ്പ്പാലത്തുള്ള ഒരു ബേക്കറിയിൽ കഴിഞ്ഞ ഒന്നിന് ഉച്ചകഴിഞ്ഞ് എത്തിയ പ്രതികൾ രണ്ടായിരം രൂപയുടെ കള്ളനോട്ട് മാറിയതോടെയാണ് നിർണ്ണായകമായ കള്ളനോട്ട് കേസിന് വഴിത്തിരിവായത്. പ്രതികളിൽ നിന്ന് 2000ത്തിന്റെ 11 കള്ളനോട്ടുകളടക്കം ഏഴരലക്ഷം രൂപയാണ് കണ്ടെടുത്തത്. മൂന്നാറിൽ പോയി മടങ്ങുകയായിരുന്നു മൂവരും. കാറിൽ ഇവരുടെ പക്കലുണ്ടായിരുന്ന രണ്ട് ബാഗുകളിലാണ് നോട്ടുകൾ സൂക്ഷിച്ചിരുന്നത്.നല്ല നോട്ടുകൾക്കൊപ്പം ഇടകലർത്തിയാണ് കള്ളനോട്ടുകൾ സൂക്ഷിച്ചിരുന്നത്. ഇരുമ്പുപാലത്തെ ബേക്കറിയിൽ നിന്ന് 650 രൂപയുടെ സാധനങ്ങൾ വാങ്ങി 2000ന്റെ കള്ളനോട്ടാണ് പ്രതികൾ കൊടുത്തത്.
ലഭിച്ചത് കള്ളനോട്ടാണെന്ന് വ്യാപാരിക്ക് വ്യക്തമായപ്പോഴേക്കും സംഘം കടയിൽ നിന്നും മടങ്ങിയിരുന്നു.തലക്കോട് ചെക്ക് പോസ്റ്റിൽ വിവരം ലഭിച്ചതിനെ തുടർന്ന് അതുവഴി വന്ന എല്ലാവാഹനങ്ങളും പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കള്ളനോട്ട് സംഘം വലയിലായത്.