നോട്ടെത്തുന്നത് കോയന്പത്തൂരിൽ നിന്ന്തൃപ്പൂണിത്തുറ: കള്ളനോട്ട് നൽകി നോട്ടിരട്ടിപ്പ് നടത്തുന്ന സംഭവത്തിൽ നോട്ടെത്തുന്നത് കോയന്പത്തൂരിൽനിന്ന്. ഇന്നലെ അറസ്റ്റിലായ കേസിലെ മുഖ്യപ്രതി നടക്കാവ് മാനസി വീട്ടിൽ പ്രിയൻ കുമാറിൽ(36)നിന്നാണ് പോലീസിന് ഈ വിവരങ്ങൾ ലഭിച്ചത്.
ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരം രൂപ വരുന്ന രണ്ടായിരത്തിന്റെ 86 കള്ളനോട്ടുകളാണ് പ്രിയൻ കുമാറിന്റെ പക്കൽനിന്നും പോലീസ് കണ്ടെടുത്തത്. കള്ളനോട്ടുകൾ കൂടാതെ മൊബൈൽ ഫോൺ, പെൻ ഡ്രൈവ്, രണ്ട് ടാബുകൾ, കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് എന്നിവയും പോലീസ് പിടിച്ചെടുത്തു.
ഇയാളുടെ ഭാര്യയുടെ ബന്ധുവായ ചവറ പന്മന കണ്ണങ്കര വാവ സദനത്തിൽ ധന്യ (33), ഭർത്താവ് വിദ്യാധരൻ (42) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊടുക്കുന്നതിന്റെ ഇരട്ടി
സിനിമ-സീരിയൽ രംഗത്ത് അസിസ്റ്റന്റ് ഡയറക്ടറായി ജോലിനോക്കുന്നയാളാണ് പ്രിയൻ.ഇതിനിടയിൽ പരിചയപ്പെട്ട സുഹൃത്ത് വഴിയാണ് ഇയാൾ കോയന്പത്തൂരിലെ കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുന്നത്. ഒരു ലക്ഷം രൂപ നൽകിയാൽ ഇരട്ടി കള്ളനോട്ട് നൽകുകയാണ് കോയന്പത്തൂർ സംഘം ചെയ്തിരുന്നത്.
ഒന്നേകാൽ ലക്ഷം കൊടുത്തപ്പോൾ രണ്ട് ലക്ഷത്തി പതിനായിരം രൂപയുടെ കള്ളനോട്ട് ലഭിച്ചെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ഇയാളുടെ മൊഴിയനുസരിച്ചാണ് ധന്യയെയും വിദ്യാധരനെയും ചവറയിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.
മദ്യം വാങ്ങാനെത്തിയപ്പോൾ പിടിയിൽ
40,000 രൂപയുടെ കള്ളനോട്ടുകളാണ് പ്രിയൻ, ധന്യയ്ക്കും വിദ്യാധരനും നൽകിയത്. ഈ നോട്ടിൽ ഒരെണ്ണം വിദ്യാധരന്റെ സുഹൃത്ത് ബിവറേജിൽ മദ്യം വാങ്ങാൻ നൽകി.
കള്ളനോട്ടാണെന്നു ബിവറേജസ് ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്നു പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സുഹൃത്തിനെ പോലീസ് പിടികൂടിയതറിഞ്ഞ് ബാക്കിയുണ്ടായിരുന്ന നോട്ടുകൾ കത്തിച്ചുകളഞ്ഞെന്നാണ് വിദ്യാധരൻ പോലീസിനോട് പറഞ്ഞത്.
സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സിഐ ജോസഫ് ലിയോൺ, പ്രിൻസിപ്പൽ എസ്ഐ എസ്.വി. ബിജു, എസ്ഐ രാജീവ്, എഎസ്ഐ ഷിബു, സീനിയർ സിപിഒ ജയശങ്കർ, സിപിഒമാരായ ദീപ, ഷിജുമോൻ, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.