പുതുക്കാട്: മേഖലയിൽ കള്ളനോട്ടുകൾ വ്യാപകമാകുന്നു.100, 200 രൂപയുടെ ഫോട്ടോസ്റ്റാറ്റ് നോട്ടുകളാണ് മേഖലയിൽ വ്യാപിക്കുന്നത്. ചെറുകിട കച്ചവടക്കാരെയും പ്രായമായ ലോട്ടറിക്കാരെയും ലക്ഷ്യംവെച്ചാണ് കള്ളനോട്ടുകൾ വ്യാപിപ്പിക്കുന്നത്. നിരവധി കച്ചവടക്കാരാണ് ഇത്തരത്തിൽ വഞ്ചിതരാകുന്നത്.
കനം കുറഞ്ഞതും നിലവാരമില്ലാത്തതുമായ പേപ്പറിൽ എടുത്ത നോട്ടുകളുടെ പ്രിന്റുകളാണ് അങ്ങിങ്ങായി വ്യാപിക്കുന്നത്. വഞ്ചിതരായ കച്ചവടക്കാർ നോട്ടുകൾ ബാങ്കിൽ സമർപ്പിക്കുന്പോൾ ബാങ്ക് അധികൃതർ നോട്ടുകളിൽ വരച്ച് നൽകുകയാണ് ചെയ്യുന്നത്. കൊളത്തൂരിൽ നിന്നും പിടികൂടിയ കള്ളനോട്ടുകൾക്ക് സമാനമായവയാണ് പുതുക്കാട് മേഖലയിൽ നിന്നും ലഭിച്ച നോട്ടുകൾ.
മുക്കാൽ ലക്ഷം രൂപയുടെ കള്ളനോട്ടുമായി കൊളത്തൂർ സ്വദേശിയായ ഹരിദാസിനെ ഒരാഴ്ച മുന്പ് കൊടകര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പിടിക്കപ്പെടുന്നതിന് മുൻപ് പ്രിൻറ് ചെയ്തിറക്കിയ നോട്ടുകളാണ് ഇപ്പോൾ കണ്ടെത്തുന്നതെന്നാണ് പോലീസിന്റെ നിഗമനം. ഇത്തരത്തിലുള്ള നോട്ടുകൾ ലഭിച്ചാൽ പോലീസിന് കൈമാറണമെന്ന നിർദ്ദേശവുമുണ്ട്.