കയ്പമംഗലം(തൃശൂർ): കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത ബിജെപി പ്രവർത്തകരെ പാർട്ടിയിൽനിന്നു പുറത്താക്കി. ശ്രീനാരായണപുരം ഏരാശേരി ഹർഷന്റെ മകനും ബിജെപി എസ്എൻ പുരം ബൂത്ത് പ്രസിഡന്റുമായ രാഗേഷ്, ഒളിവിലുള്ള ഇയാളുടെ സഹോദരൻ ഒബിസി മോർച്ച സെക്രട്ടറി രാജീവ് എന്നിവരെയാണ് പാർട്ടിയിൽനിന്നു പുറത്താക്കിയതെന്നു ബിജെപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
തൃശൂർ ശ്രീനാരായണപുരം അഞ്ചാംപരത്തിയിൽ പോലീസിന്റെ മിന്നൽപരിശോധനയിലാണ് 1,37,000 രൂപയുടെ കള്ളനോട്ടും നോട്ടടിയന്ത്രവും പിടിച്ചെടുത്തത്. അമിതപലിശയ്ക്കു കടം കൊടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ കുബേരയുടെ ഭാഗമായിട്ടാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്. ഇരുനില വീടിന്റെ മുകൾനിലയിൽ രഹസ്യമുറിയിലാണു കള്ളനോട്ട് നിർമിച്ചിരുന്നത്. നോട്ട് അച്ചടിക്കാനുള്ള യന്ത്രവും മഷിയും പേപ്പറും സ്കാനറും ഇതു മുറിച്ചെടുക്കാനുള്ള കട്ടറും സ്കെയിലും ഇവിടെനിന്നു പിടിച്ചെടുത്തു.
എ ഫോർ ബോണ്ട് ടൈപ്പ് പേപ്പറിൽ തയാറാക്കിയിരുന്ന നോട്ടുകളുടെ മോഡലുകൾ കളർ പ്രിന്റ് എടുത്താണ് ഉപയോഗിച്ചിരുന്നത്. ലാപ്ടോപ്പിലാണു നോട്ട് ഡിസൈൻ ചെയ്തിരുന്നത്. 2000, 500, 50, 20 രൂപയുടെ വിവിധ സീരീസുകളിലുള്ള വ്യാജനോട്ടുകളാണു കണ്ടെത്തിയത്. അച്ചടി പൂർണമായ നോട്ടുകളും പേപ്പറിൽ പ്രിന്റ് ചെയ്ത നിലയിലുള്ള നോട്ടുകളും പോലീസ് കണ്ടെടുത്തു.
രണ്ടാഴ്ച മുന്പാണ് ഇയാൾ പുതിയ പ്രിന്റർ വാങ്ങിയത്. ഇത് ഉപയോഗിച്ച് തയാറാക്കിയ 50 രൂപയുടെ കള്ളനോട്ടുകൾ ഉപയോഗിച്ചു ലോട്ടറി വാങ്ങിയതായി പോലീസിനു തെളിവു ലഭിച്ചിട്ടുണ്ട്. നാലു വർഷത്തോളം വിദേശത്തും കുറച്ചുനാൾ കോഴിക്കോട്ടുള്ള സ്വകാര്യ കന്പനിയിലും രാഗേഷ് ജോലി ചെയ്തിട്ടുണ്ട്. യഥാർഥ നോട്ടിനെ വെല്ലുന്ന കള്ളനോട്ട് പെട്രോൾ പന്പിലും ബാങ്കിലുമാണ് ഇയാൾ മാറിയിരുന്നത്.