കോതമംഗലം: നെല്ലിക്കുഴി കള്ളനോട്ട് കേസിന്റെ അന്വേഷണം എൻഐഎ (നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി) ഏറ്റെടുക്കാൻ സാധ്യതയേറുന്നു. കേസന്വേഷണം എൻഐഎയ്ക്കു കൈമാറണമെന്നു ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകാൻ പോലീസ് തീരുമാനിച്ചതായാണു വിവരം. പ്രതികൾക്കു രാജ്യാന്തര ബന്ധങ്ങളുണ്ടെന്നും തങ്ങളുടെ പരിധിക്കുമപ്പുറം വ്യാപ്തിയുള്ള കേസാണിതെന്നും ലോക്കൽ പോലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ രണ്ടിനു കോതമംഗലം കോടതി റിമാൻഡ് ചെയ്ത പ്രതി ആസാം സ്വദേശി റഹം അലി (26)യെ തിങ്കളാഴ്ച കോതമംഗലം പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇയാളിൽനിന്നും ആദ്യം അറസ്റ്റിലായ ദിൽദാറിൽനിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണത്രെ പോലീസിനു ലഭിച്ചത്.
റഹം അലിയെ ആസാമിൽനിന്നാണ് പിടികൂടിയത്. ബംഗ്ലാദേശിൽനിന്നാണു റഹം അലി കള്ളനോട്ടു കൊണ്ടുവരുന്നതെന്നാണു പോലീസ് മനസിലാക്കിയിട്ടുള്ളത്. ഇയാൾക്ക് കള്ളനോട്ട് നൽകുന്നയാളെക്കുറിച്ചും പോലീസിനു വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
നെല്ലിക്കുഴിയിലെ തൊഴിലാളിയായ ദിൽദാർ കൊണ്ടുവന്ന പണം കള്ളനോട്ടാണെന്നു നെല്ലിക്കുഴിയിലെ മണി ട്രാൻസ്ഫർ എജന്റിന് തോന്നിയ സംശയമാണ് കള്ളനോട്ട് ഇടപാട് പുറത്തുവരാൻ കാരണം. പോലീസ് നിർദേശിച്ചെങ്കിലും വിശദമായി പഠിച്ചശേഷമേ എൻഐഎ കേസ് ഏറ്റെടുക്കൂ. നേരത്തെ ഊന്നുകൽ പോലീസ് രജിസ്റ്റർ ചെയ്ത കള്ളനോട്ട് കേസിന്റെ അന്വേഷണം ഏറ്റെടുക്കാൻ പ്രാഥമിക പരിശോധനകൾക്കുശേഷം എൻഐഎ വിസമ്മതിച്ചിരുന്നു.