സ്വന്തം ലേഖകൻ
തൃശൂർ: ചെറിയ തുകകളുടെ കള്ളനോട്ടുകളും ജില്ലയിൽ വ്യാപകം. കഴിഞ്ഞ ദിവസം ചേർപ്പിനടുത്ത് കരുവന്നൂർ ചെറിയ പാലത്തിനു സമീപമുള്ള പച്ചക്കറികടയിൽ ലഭിച്ച പത്തുരൂപകളുടെ കള്ളനോട്ടുകൾ ഇത് തെളിയിക്കുന്നു. രണ്ടായിരത്തിന്േറയും അഞ്ഞൂറിന്േറതുമടക്കം വലിയ തുകകളുടെ കള്ളനോട്ടുകൾ നേരത്തെ തന്നെ വ്യാപകമായി പ്രചരിച്ചിരുന്നു. പത്തുരൂപ പോലുള്ള ചെറിയ തുകകളുടെ കള്ളനോട്ടുകൾ സാധാരണ കാണാറില്ലെന്ന് പോലീസ് പറയുന്നു.
കളളനോട്ടടിക്കാരെ സംബന്ധിച്ച് വലിയ തുകയ്ക്കുള്ള കള്ളനോട്ടുകൾ അടിക്കുന്നതാണ് ലാഭകരമെന്നതുകൊണ്ടുതന്നെ ചെറിയ തുകയ്ക്കുള്ള കള്ളനോട്ടുകളടിക്കാൻ സാധാരണ അവർ മെനക്കെടാറില്ലെന്നാണ് പോലീസ് നിഗമനം. വലിയ തുകയ്ക്കുള്ളതായാലും ചെറിയ തുകയ്ക്കുള്ളതായാലും കള്ളനോട്ടടിക്കുന്ന ചിലവും അധ്വാനവുമെല്ലാം ഒന്നുതന്നെയാണെന്നതുകൊണ്ടു തന്നെ കള്ളനോട്ട് റാക്കറ്റുകൾ എപ്പോഴും വലിയ തുകയ്ക്കുള്ള കള്ളനോട്ടാണ് അടിച്ചുപുറത്തിറക്കാൻ താത്പര്യപ്പെടുകയത്രെ.
എന്നാൽ പത്തുരൂപയുടെ കള്ളനോട്ടുകൾ വിപണിയിൽ പ്രചരിക്കുന്നുവെന്ന വ്യക്തമായ സൂചനകൾ പോലീസിനെയും കുഴക്കുന്നുണ്ട്. ചെറിയ തുകയുടെ കള്ളനോട്ടാണെങ്കിലുംവൻതോതിൽ വിപണിയിലെത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
വലിയ തുകയുടെ കള്ളനോട്ട് കയ്യിൽ വന്നുപെട്ടാൽ അത് മാറ്റിക്കിട്ടാനായി ബാങ്കിലും മറ്റും പോകുന്നവരുണ്ടെങ്കിലും ചെറിയ തുകകളുടെ കള്ളനോട്ടുകൾ കിട്ടിയാൽ അനാവശ്യ കുഴപ്പങ്ങളിലേക്ക് പോകേണ്ടെന്ന് കരുതി കേസിനും മറ്റും പോകാതിരിക്കുന്നവരാണ് കൂടുതലെന്ന് പോലീസ് പറയുന്നു. കള്ളനോട്ട് ചെറിയ തുകയുടേയോ വലിയ തുകയുടേയോ എന്നത് കാര്യമല്ലെന്നും ഇത്തരം നോട്ടുകൾ കയ്യിൽ കിട്ടിയാലുടൻ ബാങ്ക് അധികൃതരേയോ പോലീസിനേയോ അറിയിക്കണമെന്നും പോലീസ് നിർദ്ദേശിക്കുന്നു.
പത്തുരൂപ പോലുള്ള ചെറിയ നോട്ടുകൾക്ക് വ്യാജനുള്ളതായി ഇതുവരെയും ആർക്കുമറിയില്ലായിരുന്നുവെങ്കിലും പുതിയ സാഹചര്യത്തിൽ ചെറിയ നോട്ടുകൾ കൈകാര്യം ചെയ്യുന്പോഴും ജാഗ്രത പാലിക്കണമെന്ന് ബാങ്ക് പോലീസ് അധികൃതർ ഓർമിപ്പിച്ചു. ചെറിയ തുകകളുടെ നോട്ടുകൾ എടിഎമ്മുകളിൽ നിന്നും കിട്ടാൻ വഴിയില്ലാത്തതിനാൽ ആളുകൾ കൈമാറി കൈമാറി തന്നെയാണ് ഇവ പ്രചരിക്കുകയെന്നതുകൊണ്ട് ജാഗ്രത പാലിക്കണം.
കരുവന്നൂർ ചെറിയപാലത്തിന് സമീപം പച്ചക്കറി കടയിൽ കഴിഞ്ഞ ദിവസമാണ് മൂന്ന് കള്ളനോട്ടുകൾ ലഭിച്ചതായി പരാതിയുള്ളത്. ഓട്ടോറിക്ഷയിൽ എത്തിയ ചിലരാണ് ഈ നോട്ടുകൾ പച്ചക്കറി വാങ്ങിയതിന് ശേഷം നൽകിയതെന്ന് കടയുടമ പറഞ്ഞു. ഇതിന് ശേഷം പച്ചക്കറി വാങ്ങിയ പനംങ്കുളം സ്വദേശിയ്ക്ക് ബാക്കി തുകയ്ക്ക് ഈ നോട്ടുകൾ നൽകിയപ്പോഴാണ് വ്യാജനാണെന്ന് മനസിലായത്.
മൂന്ന് പത്ത് രൂപയുടെ നോട്ടിൽ നിഴൽ രൂപത്തിൽ ഉള്ള ഗാന്ധിജിയുടെ ചിത്രം ഉണ്ടായിരുന്നില്ല. രണ്ട് നോട്ടുകളുടെ സീരിയൽ നന്പർ ഒരു പോലെ ആയിരുന്നു.നോട്ടുകൾക്ക് നടുവിലെ വാട്ടർമാർക്ക് ഉള്ള സിൽവർ ലൈനും ഉണ്ടായിരുന്നില്ല.
സംഭവത്തെക്കുറിച്ച് പോലീസ്അന്വേഷിക്കുന്നുണ്ട്.കേരളത്തിൽ ഉത്സവ സീസണായതിനാൽ ചെറിയ തുകകളുടെ നോട്ടുകളുടെ കൈമാറ്റം വ്യാപകമായി നടക്കുമെന്നതുകൊണ്ടുതന്നെ ചെറിയ തുകകളുടെ കള്ളനോട്ടുകൾ പ്രചരിക്കുന്നുണ്ടെന്ന സംശയം ബലപ്പെട്ട പശ്ചാത്തലത്തിൽ ആളുകൾ കൂടുതൽ ജാഗ്രതപാലിക്കണം.