ചാലക്കുടി: മുക്കാൽലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി കുപ്രസിദ്ധ ക്രിമിനൽ പോലീസ് പിടിയിലായി. കൊളത്തൂർ ഹരി എന്നറിയപ്പെടുന്ന കൊളത്തൂർ തൈവളപ്പിൽ വീട്ടിൽ ഹരിദാസി(49)നെയാണു ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോ ഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
ഏതാനും ആഴ്ചകൾക്കുമുന്പ് കൊടകര ആളൂർ ഭാഗങ്ങളിൽ കള്ളനോട്ടുകൾ വ്യാപകമായി ലഭിക്കുന്നുണ്ടെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ. പി. വിജയകുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീക രിച്ച് ഒന്നര ആഴ്ചയോളമായി നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിലാണു ഹരി പിടിയിലായത്.
കള്ളനോട്ട് ഈ പ്രദേശത്ത് ലഭ്യമാണെന്ന് ഉറപ്പാക്കിയശേഷം ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പ്രദേശത്തെ മുൻകാല കുറ്റിവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഹരിയിലേക്ക് എത്തുകയായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് ഹരിയുടെ വീട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ പ്രിന്റ് ചെയ്ത രീതിയിൽ 75,000 പരം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി.
500 രൂപയുടെ 151 കള്ളനോട്ടുകളും പ്രിന്ററും നോട്ടിന്റെ അളവിൽ പേപ്പർ കട്ട് ചെയ്ത് എടുക്കാനുള്ള കട്ടിംഗ് മെഷീനും 200 ന്റെയും 100 ന്റെയും കള്ളനോട്ടുകളുടെ പ്രിന്റ് തയാറാക്കിയ രീതിയിലും നോട്ടുകൾ പ്രിന്റെടുക്കുന്നതിനുള്ള പേപ്പറുകളും മറ്റും കണ്ടെടുക്കുകയായിരുന്നു. കള്ളനോട്ട് അച്ചടിക്കുന്നതിനും വിതരണത്തിനും ഇയാൾക്ക് ആരുടെയെങ്കിലും സഹായമോ മറ്റോ ലഭിച്ചുണ്ടോയെന്നും ഇത് എവിടെയൊക്കെ വിതരണം ചെയ്തുവെന്നും അറിയുന്നതിനുവേണ്ടി ഇയാളുടെ സുഹൃത്തുക്കളിലേക്കും മറ്റും അന്വേഷണം വ്യാപിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.
കൊടകര സിഐ വി.വി. റോയി, എസ്ഐ എൻ. ഷിബു, ആളൂർ സിഐ കെ.എസ്. സുശാന്ത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ് എന്നിവരും കൊടകര സ്റ്റേഷനിലെ എഎസ് ഐ സി.കെ. ബാബു, സിപിഒ റെജിൻ ജോസ്, വനിതാ സിപിഒ രജനി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടാ യിരുന്നു.
മോഷണത്തിൽ തുടങ്ങി, ഒടുവിൽ കള്ളനോട്ടടിയിലേക്ക്…
ചാലക്കുടി: കള്ളനോട്ടടി കേസിൽ അറസ്റ്റിലായ ഹരി എന്ന ഹരിദാസ് മോഷണം, സ്പിരിറ്റ് , മുക്കുപണ്ടം അവസാനം കള്ളനോട്ടടിയിൽ എത്തിയിരിക്കയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ 22-ാം വയസിൽ അടിപിടി കേസിലാണ് തുടക്കം.
കുറച്ചുകാലം മുന്പ് തമിഴ്നാട്ടിൽനിന്നും നിരോധിത പുകയില ഉല്പന്നങ്ങൾവാങ്ങി മൊത്തക്കച്ചവടം നടത്തിയതിനു കൊടകര പോലീസിന്റെ പിടിയിലായിട്ടുണ്ട്. ചാലക്കുടിയിൽ മലഞ്ചരക്ക് കട കുത്തിത്തുറന്ന് കൊള്ളയടിച്ചതിനും കൂട്ടമായ കവർച്ചയ്ക്കുവേണ്ടി മാരകായുധങ്ങൾ കൈവശംവച്ച് രാത്രി പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപംവച്ചും ഇയാൾ പിടിയിലായിട്ടുണ്ട്.
കൊല്ലങ്കോട് രാത്രി കട പൂട്ടിവന്ന സ്വർണ വ്യാപാരിയെ തടഞ്ഞ് ആറുകിലോ സ്വർണം കവർച്ച ചെയ്തതിനും പലയിടത്തും മുക്കുപണ്ടം പണയംവച്ച് പണം തട്ടിയതിനും കൊരട്ടിയിൽ കടപൂട്ടി വീട്ടിലേക്ക് പോയ ഒരാളെ മറ്റൊരു ബൈക്കുകൊണ്ട് ഇടിച്ച് വീഴ്ത്തി കവർച്ച നടത്താൻ ശ്രമിച്ചതിനും കൊടകരയിൽ ചാരായം വാറ്റിയതിനും ഇായൾ മുന്പ് പിടിയിലായിട്ടുണ്ട്.
സ്പിരിറ്റ്, ചാരായം എന്നിവ കൈവശം വച്ചതിന് എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. കള്ളനോട്ട് അടിച്ച് പണംമുണ്ടാക്കി അതുപയോഗിച്ച് തമിഴ്നാട്ടിൽനിന്നും ലഹരി കടത്താനായിരുന്നു ഇയാളുടെ പരിപാടി.