തിരുവനന്തപുരം/കോഴിക്കോട്: ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽനിന്നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച കടയ്ക്കാവൂർ സ്വദേശി രാജൻ പത്രോസിനെ ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തതോടെയാണ് വൻ കള്ളനോട്ടു സംഘത്തിന്റെ ചുരുളഴിഞ്ഞത്.
തുടർന്നു നടത്തിയ അന്വേഷണത്തിൽ കള്ളനോട്ടടിക്കുന്ന സംഘത്തിലെ മുഖ്യപ്രതി കോഴിക്കോട് കുന്നമംഗലം സ്വദേശി ഷമീർ ഉൾപ്പെടെ നാല് പ്രതികളെയും ആറ് ലക്ഷത്തോളം രൂപയും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള നീക്കത്തിലൂടെയാണ് മറ്റുള്ളവരെ പിടികൂടാനായത്. കുന്നമംഗലത്തും ഫറോക്കിലും റെയ്ഡ് നടത്തി ഉപകരണങ്ങളും വ്യാജനോട്ടുകളും പിടിച്ചെടുത്തു.
കോഴിക്കോട് മുക്കം കളന്തോട് നടത്തിയിരുന്ന ഡിടിപി സെന്ററിന്റെ മറവിലാണു മുഖ്യ പ്രതി ഷെമീർ വ്യാജനോട്ടുകൾ നിർമിച്ചിരുന്നത്. ഒറിജിനൽ നോട്ടുകളെ വെല്ലുന്ന രീതിയിലായിരുന്നു കള്ളനോട്ടിന്റെ നിർമാണം. മുന്‍പ് ജയിൽവാസം അനുഭവിച്ചിട്ടുള്ള പ്രതി കള്ളനോട്ട് കേസിൽ നേരത്തേ പിടിയിലായവരിൽ നിന്നു ലഭിച്ച വിവരപ്രകാരമാണ് വ്യാജനോട്ട് നിർമാണം ആരംഭിച്ചത്.
തിരുവനന്തപുരം ജില്ലയിലെ വ്യാജനോട്ട് വിതരണത്തിന്റെ ഏജന്റ് ആയിരുന്നു മംഗലാപുരം സ്വദേശി ഉണ്ണികൃഷ്ണൻ. ഇയാൾ റഷീദ് എന്ന പേരിൽ കോഴിക്കോട് ഫറോക്കിൽ ആണ് വിവാഹം കഴിച്ച് താമസിക്കുന്നത്. ഇയാളെ കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ. മധുവിന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി കെ.എ. വിദ്യാധരൻ, ഇൻസ്പെക്ടർ വി.വി ദിപിൻ, എസ്ഐ എം.ജി. ശ്യാം, എഎസ്ഐ വി.എസ്. പ്രദീപ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ. സലീം, എസ്. ജയൻ, പ്രദീപ്, ബി. ദിലീപ്, ഷിനോദ്, ഉദയകുമാർ സിപിഒമാരായ ബിനു, പ്രജീഷ്കുമാർ, ബിജു എസ്. പിള്ള, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയോടെയായിരുന്നു ഷമീറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഷമീറിനെ തുടര്‍ച്ചയായി ചോദ്യം ചെയ്തതില്‍നിന്നാണ് കുന്നമംഗലത്തെ വീട്ടിലെ കള്ളനോട്ടടിയെക്കുറിച്ചു പോലീസിനു മനസിലായത്. ഷമീറിനെക്കുറിച്ച് നാട്ടുകാര്‍ക്കും അറിയില്ല. ഇടയ്ക്ക് കുടുംബമായി വന്നു താമസിക്കാറുണ്ട്. ഇലക്ഷന് സമയത്ത് വോട്ട്പിടിക്കാനായി എത്തിയപ്പോള്‍ ഇവിടെ സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു പൊതു പ്രവര്‍ത്തകരും പറയുന്നു.
മിക്കപ്പോഴും വീട് അടഞ്ഞു കിടക്കാറായിരുന്നു. ഫോട്ടോസ്റ്റാറ്റ് മെഷീന്, ഉപയോഗിച്ച് ഒഴിവാക്കിയ കംപ്യൂട്ടറുകള്‍, പേപ്പറുകള്‍ എന്നിവയെല്ലാം വീട്ടിലെ മുറിയില്‍നിന്നു കണ്ടെടുത്തു. പോലീസ് റെയ്ഡിനായി എത്തിയപ്പോഴും ഇവിടെ ആരും ഉണ്ടായിരുന്നില്ല. ആറ്റിങ്ങലില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായതു ഷമീറാണെന്നും സമീപവാസികള്‍ക്ക് അറിയില്ല.
സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്, ഡിസിപി വാഹിദ്, മെഡിക്കല്‍ കോളജ് സിഐ മൂസ വള്ളിക്കാടന് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കുന്നമംഗലം എസ്ഐ ശ്രീജിത്ത്, അബ്ദുൾ മുനീര്‍, ഗിരീഷ്, രജീഷ്, അബ്ദുറഹിമാന് , സുബീഷ്, അഖിലേഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
ഷമീറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഫറോക്ക് സ്വദേശി അബ്ദുള്‍ റഷീദിന്റെ കൈവശം കള്ളനോട്ടുള്ള വിവരം അറിയുന്നത്. ഫറോക്ക് പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫറോക്ക് സിഐ. കെ.കൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് അബ്ദുള്‍ റഷീദ് താമസിക്കുന്ന വാടക വീട് വളയുകയും വീട്ടില്‍ നടത്തിയ പരിശോധനയില്‍ കടലാസില്‍ പൊതിഞ്ഞ് അലമാരയില്‍ റബര്‍ ബാന്‍ഡ് ഇട്ട് സൂക്ഷിച്ച കള്ളനോട്ട് കണ്ടെത്തുകയുമായിരുന്നു. രണ്ടായിരത്തിന്റെ നോട്ടുകളാണ് പിടിച്ചെടുത്തവയില്‍ ഏറെയും.
രാവിലെ ഫറോക്കില്‍ നിന്ന് വ്യത്യസ്ത സ്ഥലങ്ങളിലേയ്ക്ക് ട്രെയിന്‍ കയറി കള്ളനോട്ട് മാറ്റിയെടുക്കുകയാണ് അബ്ദുള്‍ റഷീദിന്റെ രീതിയെന്ന് പോലീസ് പറയുന്നു ഇരുപത് വര്‍ഷത്തിലധികമായി ഇയാള്‍ ഫറോക്കിലെ പല ഭാഗത്തായി താമസിച്ചുവരികയാണ്. ഇപ്പോള്‍ രണ്ടര വര്‍ഷമായി കോടമ്പുഴ റോഡിനടുത്ത് വാടക വിട്ടില്‍ താമസിക്കുകയായിരുന്നു.
ഫറോക്ക് എസ്ഐ എന്‍.സുബൈര്‍, കെ. മുരളീധരന് , എഎസ്ഐ റാഫി, ഫറോക്ക് സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് പി.സി.സുജിത്ത്,സിവില്‍ പോലീസ് ഓഫീസര്‍ പി.ജിതേഷ്, വനിത സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയലളിത തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.