കൊച്ചി: ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന് കൂറുമാറിയതിനെത്തുടര്‍ന്നു മൂന്നു പതിറ്റാണ്ടു പഴക്കമുള്ള കള്ളനോട്ടു കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു.
അന്വേഷണ ഉദ്യോഗസ്ഥന്റെ കൂറുമാറ്റം പോലീസും പ്രതികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്നു സിംഗിള്‍ബെഞ്ച് വിലയിരുത്തി.
മൊഴിമാറ്റിയ സംഭവത്തില്‍ അന്വേഷണം നടത്തി ആറുമാസത്തിനുള്ളില്‍ ഡിജിപി നടപടി റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു.
1990 മാര്‍ച്ച് 21നു തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസാണ് 75 ലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടി മെഷീനും ഉള്‍പ്പെടെ പിടികൂടിയത്. കേസിൽ എട്ടു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പത്തു വര്‍ഷത്തിനുശേഷം 2000 ഓഗസ്റ്റ് 25നു കുറ്റപത്രം സമര്‍പ്പിച്ചു.
പ്രതികളിൽ ശിവകാശി സ്വദേശികളായ യേശുദാസ്, സര്‍മകനി, സമ്പത്ത്, ആരോഗ്യദാസ്, ഗോപി, ഇടുക്കി സ്വദേശികളായ ജോണ്സണ് ജോണി, തോമസ് എന്നിവര്‍ക്കു മൂന്നു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും എറണാകുളം അഡീ. ജില്ലാ കോടതി ശിക്ഷിച്ചു. എട്ടാം പ്രതിയെ വെറുതേ വിട്ടു.
2004 ലെ ഈ വിധിക്കെതിരേ ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്കിയ അപ്പീലിലാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്. അഡീ. ജില്ലാ കോടതിയില്‍ വിചാരണയ്ക്കിടെ കേസിലെ മിക്ക സാക്ഷികളും കൂറു മാറിയിരുന്നു.
സര്‍വീസില്‍നിന്നു വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സംഭവസ്ഥലത്തു പ്രതികളുണ്ടായിരുന്നില്ലെന്നാണ് മൊഴി നല്‍കിയത്. എന്നാൽ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ മാത്രം സംഭവസ്ഥലത്ത് പ്രതികളുണ്ടായിരുന്നെന്ന മൊഴിയില്‍ ഉറച്ചുനിന്നു.
ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഏഴു പ്രതികളെ ശിക്ഷിച്ചത്. പോലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതികളെ ശിക്ഷിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയാണു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്. വൈകി കുറ്റപത്രം സമര്‍പ്പിച്ചതു പ്രതികളെ രക്ഷിക്കാനാണെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണ്.
പോലീസ് സ്റ്റേഷനിലുണ്ടായിരുന്ന ഒരു കൊലക്കേസ് പ്രതിയും ചായവില്പനക്കാരനുമാണ് കേസില്‍ സാക്ഷികളായത്. സാക്ഷികള്‍ക്ക് പ്രതികളെ തിരിച്ചറിയാന്‍ കഴിയാതെ വന്നതോടെ പ്രോസിക്യൂഷന് നടപടികള്‍ അട്ടിമറിക്കപ്പെട്ടു.
അന്വേഷണ ഉദ്യോഗസ്ഥന് സർവീസിൽനിന്നു വിരമിച്ചശേഷം കേസിൽ കൂറുമാറിയതിനെക്കുറിച്ച് അന്വേഷണം വേണം. വിരമിച്ചശേഷം കോടതിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എന്തും പറയാമെന്ന സ്ഥിതി അനുവദിക്കാനാവില്ല. ഉദ്യോഗസ്ഥർ ശരിയായ തെളിവു നല്‍കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഡിജിപിയുടെ ചുമതലയാണെന്നും കോടതി പറഞ്ഞു.